Connect with us

International

ഹോങ്കോംഗില്‍ പ്രക്ഷോഭകാരികള്‍ പിടിമുറുക്കുന്നു

Published

|

Last Updated

ഹോംങ്കോംഗ്: ജനാധിപത്യപ്രക്ഷോഭകാരികള്‍ ഹോംങ്കോംഗിലെ മോംഗ് കോക് പ്രദേശം വീണ്ടും കൈയടക്കി. ഹോംങ്കോംഗ് നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മോംഗ് കോക്. കഴിഞ്ഞ വെള്ളിയാഴ്ച ഹോംങ്കോംഗ് പോലീസ് ബലംപ്രയോഗിച്ച് ഈ പ്രദേശത്ത് തമ്പടിച്ചിരുന്ന ജനാധിപത്യ വാദികളെ ഒഴിപ്പിച്ചിരുന്നു. പ്രക്ഷോഭം തുടങ്ങിയതിന് ശേഷം അന്നാണ് ഹോംങ്കോംഗ് പോലീസ് പ്രക്ഷോഭകാരികള്‍ക്കെതിരെ ശക്തമായി ഇടപെട്ടത്.
ഇന്നലെ വീണ്ടും ജനാധിപത്യവാദികള്‍ ഈ പ്രദേശത്ത് തമ്പടിക്കുകയായിരുന്നു. പോലീസ് ബാറ്റണും കുരുമുളക് പൊടി സ്‌പ്രേയും ഉപയോഗിച്ചെങ്കിലും കുടകള്‍ നിവര്‍ത്തിയാണ് പ്രക്ഷോഭകാരികള്‍ ഇതിനെ പ്രതിരോധിച്ചത്. എന്നാലും പോലീസ് ശക്തമായ ഇടപെടല്‍ നടത്തിയതോടെ ഭാഗികമായി ഇവര്‍ പിന്മാറിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ 15 ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ ഇവിടെയുണ്ടായിരുന്ന തടസ്സങ്ങള്‍ ഒഴിവാക്കി ഈ ഭാഗം ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു. എന്നാല്‍ പ്രക്ഷോഭകാരികള്‍ വീണ്ടും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ താറുമാറായിരിക്കുകയാണ്.
പോലീസിന് നിയന്ത്രണം നഷ്ടപ്പെട്ടതായി പ്രതിഷേധത്തിനെത്തിയ പീറ്റര്‍ യൂന്‍ പറഞ്ഞു. ഇവിടെയെത്തിയത് സമാധാനപരമായിട്ടാണ്. തങ്ങളുടെ ഭാവിക്ക് വേണ്ടി സമാധാനത്തോടയാണ് ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവാദികള്‍ പ്രധാനമായും സമരത്തിലേര്‍പ്പെട്ടിരിക്കുന്നത് ഹോംങ്കോംഗ് നഗരത്തിലാണ്. ആഴ്ചകളോളമായി ഏഷ്യയിലെ തന്നെ സാമ്പത്തിക കേന്ദ്രമായ ഈ നഗരം പ്രവര്‍ത്തനങ്ങളില്ലാതെ അനിശ്ചിതാവസ്ഥയില്‍ തുടരുന്നു.
പൂര്‍ണജനാധിപത്യം വേണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭം മാസങ്ങളായെങ്കിലും ഇതുവരെയും പരിഹാരം ഇല്ലാതെ തുടരുകയാണ്. ഇരുവിഭാഗവും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും വിജയിച്ചിട്ടില്ല. ചൊവ്വാഴ്ച പ്രക്ഷോഭകരുമായി ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഹോംങ്കോംഗ് വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest