Connect with us

National

കള്ളപ്പണം: സര്‍ക്കാര്‍ അതിസാഹസികതക്കില്ല- ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം സൂക്ഷിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ എന്‍ ഡി എ സര്‍ക്കാര്‍ മലക്കം മറിഞ്ഞുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ ഇക്കാര്യത്തില്‍ അതിസാഹസികതക്ക് സര്‍ക്കാറില്ലെന്നും അത്തരം നടപടികള്‍ ഭാവിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സഹകരണം ലഭിക്കാനുള്ള സാധ്യത അട്ടിമറിക്കുകയേ ഉള്ളൂവെന്നും ധനമന്ത്രി അവകാശപ്പെട്ടു. കള്ളപ്പണ വിഷയത്തില്‍ എന്‍ ഡി എ സര്‍ക്കാറിന്റെ സമീപനം നൈരന്ത്യര്യമുള്ളതും അതിസാഹസകതയില്ലാത്തതുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജെയ്റ്റ്‌ലി പറയുന്നു.
കള്ളപ്പണം സൂക്ഷിച്ചവരെ പുറത്ത് കൊണ്ടുവരാനും കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും ആവശ്യമായ ഘട്ടത്തില്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. എടുത്തു ചാടി പ്രവര്‍ത്തിക്കുന്നത് മറ്റ് രാജ്യങ്ങളുമായി എത്തിച്ചേര്‍ന്ന കരാറുകളുടെ ലംഘനമായിക്കും. അത് ഭാവിയിലുള്ള സഹകരണങ്ങള്‍ അട്ടിമറിക്കുകയും ചെയ്യും. തിടുക്കത്തിലുള്ള നടപടികള്‍ കള്ളപ്പണക്കാരെ സഹായിക്കുകയേ ഉള്ളൂ. പക്വമായ സമീപനമാണ് അനിവാര്യമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
വിദേശങ്ങളില്‍ ബേങ്ക് അക്കൗണ്ടുകളുള്ള ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരട്ട നികുതി ഒഴിവാക്കല്‍ ഉഭയകക്ഷി ഉടമ്പടി (ഡി ടി എ എ) അനുസരിച്ചാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ ബേങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് ഈ കരാറിന്റെ ലംഘനമാകുമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ആദ്യ ലക്ഷ്യമെന്ന് അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കേന്ദ്ര നടപടിയില്‍ രൂക്ഷ വിമര്‍ശവുമായി അന്നാ ഹസാരെ രംഗത്തെത്തി. കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതുകാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസാരെ കത്തെഴുതിയിട്ടുണ്ട്.

Latest