Connect with us

Kasargod

പാചക വാതകത്തിനു അധികതുക നല്‍കരുത്

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ പാചകവാതകത്തിനു ഫ്രീ സോണ്‍ പ്രദേശത്ത് അധിക തുക നല്‍കരുതെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാചകവാതക ഓപ്പണ്‍ ഫോറത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ഗ്യാസ് വിതരണ ഏജന്‍സിയുടെ അഞ്ച് കിലോമീറ്റര്‍ ദൂരെവരെയാണ് ഫ്രീസോണ്‍ പ്രദേശമായി നിശ്ചയിച്ചിട്ടുളളത്.
ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ബില്‍ ആവശ്യപ്പെടുകയും ബില്ലില്‍ കാണിച്ച തുകമാത്രം നല്‍കുകയും ചെയ്താല്‍ അമിതതുക ഈടാക്കുന്നുവെന്ന പരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ ഈ കാര്യത്തില്‍ ജാഗരൂകരായിരിക്കണമെന്നു കലക്ടര്‍ പറഞ്ഞു. ഫ്രീ സോണ്‍ പ്രദേശത്ത് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടര്‍ ഒന്നിനു 35 രൂപയും അതിനു മുകളിലും തുക ഈടാക്കുന്നതായി ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ ഫോറത്തില്‍ പരാതിപ്പെട്ടു. ഫ്രീ സോണ്‍ പ്രദേശത്തിനു പുറത്തുളള പ്രദേശങ്ങളില്‍ ദൂരപരിധിക്കനുസരിച്ചുളള നിശ്ചിത തുക മാത്രമേ നല്‍കേണ്ടതുളളു.
അമിതതുക വാങ്ങി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വിതരണക്കാരെ കുറിച്ചു അധികൃതരെയും ഗ്യാസ് ഏജന്‍സി ഉടമകളെയും അറിയിക്കണം. അധിക തുക ഈടാക്കിയ ചില ഗ്യാസ് വിതരണ ജീവനക്കാരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഏജന്‍സി അധികൃതര്‍ അറിയിച്ചു. പുതുതായി ഗ്യാസ് കണക്ഷന്‍ നല്‍കുമ്പോള്‍ ഈടാക്കേണ്ട 1950 രൂപയ്ക്ക് പകരം 2150 രൂപ ഈടാക്കിയതായി യോഗത്തില്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഗ്യാസ് വിതരണക്കാര്‍ ഉപഭോതാവിനോട് ഗ്യാസ് സ്റ്റൗ വാങ്ങാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് യോഗം നിര്‍ദേശിച്ചു. ഉദുമയിലുളള ഗ്യാസ് വിതരണ ഏജന്‍സി വിദ്യാനഗര്‍, നായന്മാര്‍ മൂല പ്രദേശങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യാന്‍ ഇവ രണ്ടില്‍ ഏതെങ്കിലുമൊരു പ്രദേശത്ത് ഒരു ഗോഡൗന്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്യാസിനു സബ്‌സിഡിയായി അനുവദിച്ച തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ വരാതെ അന്യവ്യക്തിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടതായും ഓപ്പണ്‍ഫോറത്തില്‍ പരാതികള്‍ ഉണ്ടായി. ഓപ്പണ്‍ ഫോറത്തില്‍ ലഭിച്ച പരാതികളില്‍ മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ബ്രിന്ദാ, വിവിധ ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest