Connect with us

Kasargod

ഇശലിന്റെ തോഴന് യാത്രാമൊഴി

Published

|

Last Updated

മൊഗ്രാല്‍: മൊഗ്രാല്‍ ഗ്രാമത്തിന്റെ ഇശല്‍ പെരുമ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച എം കെ അബ്ദുല്ല എന്ന തനിമ അബ്ദുല്ല വിടപറഞ്ഞു. കടുത്ത പ്രമേഹത്തിന് പുറമെ രക്തസമ്മര്‍ദവും കഠിനമായി ആരോഗ്യനില വഷളായ അബ്ദുല്ല ഏറെ നാളായി ചികിത്സയിലായിരുന്ന അബ്ദുല്ല കഴിഞ്ഞദിവസം രാത്രി സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

വലിയൊരു സുഹൃദ്‌വലയമുള്ള അബ്ദുല്ല മൊഗ്രാലിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവമായിരുന്നു. മാപ്പിളപ്പാട്ടിനോടുള്ള കൂറും സ്‌നേഹവും വെളിപ്പെടുത്താന്‍ അബ്ദുല്ല പല തവണ കാസര്‍കോട്ട് തനിമ എന്ന പേരില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങിനെ തനിമ അബ്ദുല്ല എന്ന പേര് അദ്ദേഹം സ്വന്തമാക്കി.
മാപ്പിളപ്പാട്ട് മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നതിലും ഏറെ ഉത്സാഹം കാട്ടാറുള്ള എം കെ അബ്ദുല്ല പല പരിപാടികളും ഒരുക്കിയത് തന്റെ ഒറ്റക്കുള്ള കഠിനാധ്വാനം കൊണ്ടാണ്. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഒരിക്കല്‍ വിപുലമായി നടത്തിയ തനിമ ഇശല്‍ സന്ധ്യക്കൊടുവില്‍ ക്ഷീണിതനായി അബ്ദുല്ല വേദിയില്‍ വീണതും ദിവസങ്ങളോളം ആസ്പത്രിയില്‍ കിടക്കേണ്ടിവന്നതും കാസര്‍കോട്ടെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് മറക്കാന്‍ പററാത്തതായിരുന്നു.
രാഷ്ട്രീയരംഗത്തും അബ്ദുല്ലയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ജനതാദള്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
മൊഗ്രാലിന്റെ ഇശല്‍പെരുമയെ അടയാളപ്പെടുത്തിയ ഇശല്‍ ഗ്രാമം വിളിക്കുന്നു എന്ന ഡോക്യുമെന്ററി ഒരു നാടിന്റെ എവിടെയോ മറന്നുപോയ നല്ല നാളുകളെ മാലോകര്‍ക്കു മുന്പില്‍ അവതരിപ്പിക്കുന്നതായിരുന്നു. കൈരളി ചാനല്‍ സംപ്രേഷണം ചെയ്ത ഈ ഡോക്യുമെന്ററി ഏറെ പ്രശംസ പിടിച്ചുപറ്റുകയും അബ്ദുല്ലക്കിത് വലിയ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ഇശല്‍ രാവുകളൊരുക്കി മാപ്പിളപ്പാട്ടിന്റെ മാധുര്യം നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നതിനിടയില്‍ അബ്ദുല്ല പക്ഷെ തന്റെ സ്വകാര്യ ജീവിതം മറന്നുപോയിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി ആദരിക്കുന്നതിലും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു.
ബംഗളൂരുവില്‍ വിപുലമായൊരു ആദരവ് പരിപാടി സംഘടിപ്പിച്ച് നാട്ടിലെത്തിയ ഉടനെയായിരുന്നു കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ വീഴ്ത്തിക്കളഞ്ഞത്. നീണ്ട നാളത്തെ ചികിത്സക്കൊടുവില്‍ വെളളിയാഴ്ച വൈകിട്ടോടെയായിരുന്നു വീട്ടിലെത്തിയത്.
അബ്ദുല്ലയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് മാപ്പിള കലാ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് മൊഗ്രാലിലെ വീട്ടില്‍ എത്തിയത്.
മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
വൈകിട്ട് മൊഗ്രാല്‍ ടൗണില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ സിദ്ദീഖലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ. അഡ്വ. സി എച്ച് കുഞ്ഞമ്പു, ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ദിവാകരന്‍, നാരായണന്‍ പേരിയ, റഹ്മാന്‍ തായലങ്ങാടി, സുരേഷ് പുതിയേടത്ത്, കരിവെള്ളൂര്‍ വിജയന്‍, ബി വി രാജന്‍, എ എ കയ്യംകൂടല്‍, രാഘവന്‍ ബെള്ളിപ്പാടി, രവീന്ദ്രന്‍ പാടി, അഹമ്മദ്കുട്ടി പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.