Connect with us

Ongoing News

മഹാരാഷ്ട്ര, ഹരിയാന ഫലം ഇന്നറിയാം

Published

|

Last Updated

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ ഫലം ഇന്നറിയാം. ഇരു സംസ്ഥാനങ്ങളിലും ഇന്ന് രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. വൈകീട്ട് മൂന്ന് മണിയോടെ പൂര്‍ണമായ ഫലം പുറത്തുവരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി അളക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം. വിവിധ സംസ്ഥാനങ്ങളിലായി ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് ഹരിയാനയില്‍ രേഖപ്പെടുത്തിയത്. 76.54 ശതമാനം. മഹാരാഷ്ട്രയില്‍ 63.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ഇരു സംസ്ഥാനങ്ങളിലും ബി ജെ പി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് ഇത്തവണ ബി ജെ പി മത്സരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യം ശരത് പവാറിന്റെ എന്‍ സി പിയും ഉപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചെറുകിട പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് പ്രബല കക്ഷികള്‍ക്കൊപ്പം രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മത്സരരംഗത്തുണ്ട്.
എക്‌സിറ്റ്‌പോളുകള്‍ അനുകൂലമായതോടെ ബി ജെ പിയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരാണ് രംഗപ്രവേശം ചെയ്തിട്ടുള്ളത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫദ്‌നാവിസ്, കേന്ദ്ര മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. അതേസമയം, നിലപാട് മയപ്പെടുത്തിക്കൊണ്ട് ബി ജെ പിയുടെ പഴയ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. സഖ്യം അവസാനിപ്പിച്ചതോടെ ഹൃദയം തകര്‍ന്നിട്ടുണ്ടെന്നും ഇനിയും വാദങ്ങളും വിദ്വേഷങ്ങളും വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു. ബി ജെ പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശക്തമായി ആക്രമിച്ചുകൊണ്ടാണ് ശിവസേന പ്രചാരണരംഗത്ത് നിലയുറപ്പിച്ചിരുന്നത്.
ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ്. ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദളും അധികാരം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തില്‍ ബി ജെ പിയും ഇത്തവണ ശക്തമായി രംഗത്തിറങ്ങിയതോടെ ത്രികോണ മത്സരത്തിനാണ് ഹരിയാന സാക്ഷിയായത്. ബി ജെ പിയുമായുള്ള സഖ്യം ഇത്തവണ ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടുണ്ട്.