Connect with us

International

വെടിനിര്‍ത്തലിന് ആയുസ്സ് മണിക്കൂറുകള്‍ മാത്രം; യമനില്‍ വീണ്ടും ഏറ്റുമുട്ടല്‍

Published

|

Last Updated

സന്‍ആ: യമനില്‍ ഹൂത്തി വിമതരും ഗോത്ര സൈനികരും വെടിനിര്‍ത്തല്‍ കരാറിലെത്തയിന് പിന്നാലെ ഇരുകൂട്ടരും ആക്രമണം പുനരാരംഭിച്ചു. സംഭവത്തില്‍ ചുരുങ്ങിയത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍ യമനിലെ പ്രവിശ്യാ തലസ്ഥാനമായ ഇബില്‍ ഹൂത്തി വിമതര്‍ പ്രവേശിക്കാതിരിക്കാന്‍ ഗോത്ര സൈനികര്‍ ചെക് പോയിന്റ് സ്ഥാപിച്ചതോടെയാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷം മണിക്കൂറുകള്‍ ഇവിടെ ശാന്തമായിരുന്നുവെന്നും എന്നാല്‍ പുതിയ സംഭവത്തോടെ വീണ്ടും ഇരുവിഭാഗവും ആക്രമണത്തിലേക്ക് തിരിഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സന്‍ആയില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരത്തില്‍, അല്‍ഖാഇദയുടെ ശക്തികേന്ദ്രമായ ബയ്ദ പ്രവിശ്യയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് ഇബ്. ചൊവ്വാഴ്ച മുതല്‍ അല്‍ ഖാഇദ ബന്ധമുള്ള തീവ്രവാദികളുമായി ഹൂത്തി വിമതര്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം സെപ്തംബര്‍ 21ന് ഹൂത്തി വിമതര്‍ സന്‍ആ നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയിരുന്നു. ഇതിന് പുറമെ തന്ത്രപ്രധാനമായ ഹുദൈദ പ്രവിശ്യയുടെയും നിയന്ത്രണം ഇവരുടെ കൈകളിലാണ്. പ്രാദേശിക സര്‍ക്കാറില്‍ നിന്ന് ഇവര്‍ക്ക് ഇപ്പോള്‍ ഒരു ഭീഷണിയുമില്ല. ഹൂത്തികളുടെ മുന്നേറ്റം രാജ്യത്തെ വീണ്ടും ആഭ്യന്തരകലാപത്തിലേക്ക് നയിക്കുമെന്ന് ഭയപ്പെടുന്നു. രാജ്യത്തിന്റെ വടക്ക് ഭാഗത്തെ കിഴക്ക് ഭാഗത്തില്‍ നിന്ന് വിഭജിക്കണമെന്നും ഇവിടെ നിന്ന് സൈനികരെ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാണ് ഹൂത്തികളുടെ ആവശ്യം. ഈ മാസം 30 ആണ് ഇതിന് നല്‍കിയിരിക്കുന്ന അവസാന സമയം. പുതിയ സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലും കുഴഞ്ഞുമറിഞ്ഞ അവസ്ഥക്ക് കാരണമായതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Latest