Connect with us

International

കോംഗോയില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 22 പേരെ ക്രൂര മര്‍ദനത്തിനൊടുവില്‍ വധിച്ചു

Published

|

Last Updated

ബ്രസാവില്ലെ: കോംഗോയില്‍ വിമത ഭീകരവാദികള്‍ 22 പേരെ ക്രൂരമര്‍ദനത്തിനിരയാക്കി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസവും ഇതേ രീതിയില്‍ ഇവിടെ കൊലപാതകം നടന്നിരുന്നു. വടക്കന്‍ കീവുവില്‍ എറിംഗേട്ടി നഗരത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പത്ത് സ്ത്രീകളും എട്ട് കുട്ടികളും നാല് യുവാക്കളും കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. മഴു, മണ്‍വെട്ടി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായ മര്‍ദനത്തിനൊടുവിലാണ് പലരെയും കൊലപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ ശിരസ്സ് ചുമരുകളിലിടിച്ച് തകര്‍ത്തിട്ടുണ്ട്. വെടിയേറ്റും കുറച്ചാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ആക്രമികളുടെ കൈകകളില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഉഗാണ്ടന്‍ വിമത സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ ഡി എഫ്)ആണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി പ്രദേശത്തെ ഭീകരവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘടനയാണ് എ ഡി എഫ്. ഇതോടെ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. ജനങ്ങള്‍ ഇവിടെ പരിഭ്രാന്തരായാണ് കഴിയുന്നത്. മരിച്ചവരില്‍ 11 പേര്‍ സൈനികരാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ മുഴുവനും സാധാരണക്കാരാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ 50 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. ഉഗാണ്ടന്‍ വിമതരെ പരാജയപ്പെടുത്തിയെന്ന് കോംഗോ സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ഇത് തെറ്റാണെന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.