Connect with us

Kozhikode

അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തില്‍ റെയ്ഡ്; 100 സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

മുക്കം: അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തില്‍ മുക്കം പോലീസ് നടത്തിയ റെയ്ഡില്‍ നൂറോളം ഗ്യാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു. തോട്ടുമുക്കം പുതിയനിടത്ത് എസ് ഐ. കെ ഉണ്ണികൃഷ്ണനും സംഘവുമാണ് പരിശോധന നടത്തിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയനിടം വെട്ടുകാട്ടില്‍ ജിയോ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. സംഭവവുമായി ബന്ധപ്പെട്ട് ജിയോയുടെ പേരില്‍ കേസെടുത്തു.
ഇന്‍ഡേന്‍, എച്ച് പി, ഭാരത് കമ്പനികളുടെ 74 സിലിന്‍ഡറുകളും പ്രൈവറ്റ് കമ്പനികളുടെ 20ല്‍പരം സിലിന്‍ഡറുകളും പിടിച്ചെടുത്തവയില്‍പ്പെടും. ഇതില്‍ 70ഓളം സിലിന്‍ഡറുകള്‍ ഇന്ധനം നിറച്ചനിലയിലായിരുന്നു. സിലിന്‍ഡറുകള്‍ക്ക് പുറമെ ഫില്ലിംഗ് ഉപകരണങ്ങള്‍, മോട്ടോറുകള്‍, ത്രാസ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
സ്വന്തം വീടിന് പിറക് വശത്തായി പുറമെ നിന്ന് നോക്കിയാല്‍ കാണാത്തവിധം നിര്‍മിച്ച ഗോഡൗണ്‍, പൊളിച്ചുമാറ്റിയ പഴയ വീട് എന്നിവ കേന്ദ്രീകരിച്ചാണ് ഗ്യാസ് ഫില്ലിംഗ് നടത്തിയിരുന്നത്. ഗ്യാസ് കടത്താന്‍ ഉപയോഗിക്കുന്നതാണെന്ന് കരുതുന്ന ഒരു ഓമ്‌നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest