Connect with us

National

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിത ജയില്‍ മോചിതയായി

Published

|

Last Updated

ബാംഗളൂര്‍: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നു ജാമ്യം നേടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍മോചിതയായി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ജയലളിത 3.20-നാണ് പരപ്പന അഗ്രഹാര ജയിലിനു പുറത്തിറങ്ങിയത്. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ജയലളിതക്കായി ഒരുക്കിയിരുന്നത്. 7,500 പോലീസുകാരെയാണ് സുരക്ഷ്‌ക്കായി വിന്യസിച്ചത്. 32 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഓരോ പത്തു മീറ്ററിലും പോലീസുകാര്‍ നിലയുറപ്പിച്ചിരുന്നു.

സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരം ബാംഗളൂരിലെ പ്രത്യേക കോടതിയിലെത്തിക്കാന്‍ കഴിയാതിരുന്നതിനാലാണ് ജയലളിതയുടെ മോചനം വൈകിയത്. ജാമ്യം ലഭിച്ച വിവരം ഇന്ന് അഭിഭാഷകര്‍ വിചാരണ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജഡ്ജിയുടെ അനുമതിയോടെ ജയലളിത ജയില്‍മോചിതയാകുകയായിരുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയ ജയയെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ചയാണ് ജയലളിതക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജയലളിതക്കൊപ്പം ശിക്ഷിക്കപ്പെട്ട തോഴി ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, അനന്തരവള്‍ ഇളവരശി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജയലളിതയെയും കൂട്ടാളികളെയും നാലു വര്‍ഷത്തെ തടവിനും ജയലളിതക്കു 100 കോടി രൂപയും മറ്റുള്ളവര്‍ക്കു 10 കോടി രൂപ വീതവും പിഴയും ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി അപ്പീല്‍ തീര്‍പ്പാക്കുന്നതു വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു.

Latest