Connect with us

Malappuram

അങ്ങാടിപ്പുറം മേല്‍പാലം; സ്ഥലം വിട്ടുനല്‍കാത്തവരെ പങ്കെടുപ്പിച്ച് 20ന് യോഗം

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഇനിയും സ്ഥലം വിട്ടു നല്‍കാത്തവരെ പങ്കെടുപ്പിച്ച് മലപ്പുറം കലക്ടറേറ്റില്‍ യോഗം ചേരാന്‍ അങ്ങാടിപ്പുറം ഗസ്റ്റ്ഹൗസില്‍ ജില്ലാകലക്ടര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച രാവിലെ 9.30നായിരിക്കും യോഗം ചേരുക.
നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായി റെയില്‍വേഗേറ്റിന് സമീപമുള്ള നടപ്പാത സ്ലാബുകള്‍ മാറ്റി മണ്ണിട്ട് നികത്തി വീതി കൂട്ടും. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പരിസരങ്ങളിലുള്ള വെയ്സ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യും. നിലവിലുള്ള റോഡുകളിലെ കുഴികള്‍ അടുത്ത ദിവസം തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതത്തിന് ആക്കം വര്‍ധിപ്പിക്കും.
ഹെവി വാഹനങ്ങളായ ട്രക്ക്, ഗ്യാസ് വണ്ടികള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ വഴി തിരിച്ചു വിടാനും യോഗത്തില്‍ തീരുമാനിച്ചു. ട്രാഫിക് സുഗമമാക്കാന്‍ ആവശ്യത്തിനുള്ള പോലീസുകാരെ ഏ ആര്‍ ക്യാമ്പില്‍ നിന്നും നിയമിക്കും. ട്രാഫിക് സിഗ്‌നല്‍ ബോര്‍ഡുകള്‍ ആവശ്യമുള്ളിടത്തെല്ലാം സ്ഥാപിക്കും.
മതിയായ സൗകര്യം ഏര്‍പ്പെടുത്തിയാലേ പാലം നിര്‍മാണം വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് ആര്‍ ബി സി സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 47 സ്ഥലങ്ങളില്‍ പൈലിംഗ് പ്രവര്‍ത്തികള്‍ കഴിഞ്ഞു. ഇനി ഒന്‍പതെണ്ണം കൂടി ബാക്കിയുണ്ട്. 30നോടു കൂടി പൈലിംഗ് പ്രവര്‍ത്തികള്‍ അവസാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൂടുതല്‍ ട്രാഫിക് കുരുക്ക് പ്രത്യക്ഷപ്പെടുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുമ്പിലുള്ള ബസ് സ്റ്റോപ്പ് അല്‍പം മാറ്റി സ്ഥാപിക്കും. അങ്ങാടിപ്പുറം-പരിയാപുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
മന്ത്രി മഞ്ഞളാംകുഴി അലി, ടി എ അഹമ്മദ്കബീര്‍ എം എല്‍ എ, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, ആര്‍ ബി സി സി, റവന്യൂ, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, പോലീസ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു.
ജില്ലാ കലക്ടര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗാനന്തരം മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പ്രദേശം സന്ദര്‍ശിച്ചു.

Latest