Connect with us

Malappuram

ആവശ്യത്തിന് പോലീസുകാരില്ല; ചങ്ങരംകുളം സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

ചങ്ങരംകുളം: ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. നിലവില്‍ എട്ടോളം ജീവനക്കാരുടെ കുറവാണ് സ്‌റ്റേഷനിലുള്ളത്.
ഇതുമൂലം സ്‌റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. എ എസ് ഐയുടെയും സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും കുറവുകളെ തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകാതെ തള്ളിനീക്കുന്ന അവസ്ഥയിലാണ്. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ യുവതി കസ്റ്റഡിയില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു എസ് ഐ അടക്കം അഞ്ച് പോലീസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് ശേഷം ബൈക്ക് യാത്രക്കാരനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു അഡീഷണല്‍ എസ് ഐ യെ കൂടി സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷം ഒഴിവുകളുള്ള പോസ്റ്റുകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
പൊന്നാനി സര്‍ക്കിളിന് കീഴില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ചങ്ങരംകുളത്താണ്. പോലീസുകാരുടെ കുറവുമൂലം സംസ്ഥാനപാതയിലെ പഞ്ചിങ്ങ് സ്റ്റേഷന്‍പോലും പൂട്ടിയ അവസ്ഥയിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള സംസ്ഥാനപാതയില്‍ വാഹനാപകടങ്ങളില്‍ 13 പേരാണ് മരിച്ചത്.
നിരന്തരമായി അപകടങ്ങളുണ്ടാകുന്നതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ പഞ്ചിങ് സ്റ്റേഷന്‍ താല്‍ക്കാലികമായി തുറന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം ഈസംവിധാനം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തുകയും കുറവുള്ള പോലീസുകാരെ ഉടനെ നിയമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവിയോട് സ്‌റ്റേഷനില്‍ കുറവുള്ള പോലീസുകാരെ ഉടന്‍ തന്നെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും നടപ്പിലായിട്ടില്ല.

Latest