Connect with us

Thrissur

അനധികൃത മീന്‍പത്തായങ്ങള്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശം

Published

|

Last Updated

ഇരിങ്ങാലക്കുട: അനധികൃതമായി സ്ഥാപിച്ച മീന്‍പത്തായങ്ങളും വലകളും പൊളിച്ച് നീക്കാന്‍ ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നല്‍കി. കെ എല്‍ ഡി സി കനാലില്‍ ചമ്മണ്ട പാലത്തിന് സമീപം സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള മീന്‍പത്തായമടക്കമുള്ളവയാണ് പൊളിച്ച് മാറ്റാനുള്ള നടപടികളെടുക്കാന്‍ ഫിഷറീസ് വകുപ്പ് കാട്ടൂര്‍ പോലീസിനും കാറളം പഞ്ചായത്തിനും നിര്‍ദ്ദേശം നല്‍കിയത്.
ഇത്തരം പത്തായങ്ങള്‍ സ്ഥാപിക്കുന്ന ഇടങ്ങളില്‍ വെള്ളം മലിനപ്പെടുന്നതായും ചണ്ടിയും പായലും തടഞ്ഞ് നില്‍ക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെട്ട് കോള്‍പ്പാടത്തെ ബണ്ടുകള്‍ തകരാനും സാധ്യതയുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉള്‍നാടന്‍ ഫിഷറീസ് ആക്റ്റ് അനുസരിച്ച് പൊതു ജലാശയങ്ങളിലെ വിനാശകരമായ മത്സ്യ ബന്ധനം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പരാതികള്‍ ലഭിച്ചാല്‍ പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും നടപടിയെടുക്കാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പാടത്തും പുഴയിലും മത്സ്യ ലഭ്യത കുറഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാവുന്നുതായും പ്രജനനത്തിനായെത്തുന്ന മത്സ്യങ്ങളെ അശാസ്ത്രീയമായി പിടിക്കുന്നതിലൂടെ മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്നതായും മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജ്, അസി. ഇന്‍സ്‌പെക്ടര്‍ എ എ സുലൈമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ പരിശോധനക്കെത്തിയത്. കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

Latest