Connect with us

Palakkad

മാത്തൂരില്‍ കുടുംബശ്രീ കണക്കില്‍ കുറവ് കണ്ടെത്തി

Published

|

Last Updated

പാലക്കാട്: മാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അനുപമ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ 2010-11 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കുറവ് ബേങ്കില്‍ തിരിച്ചടച്ചില്ലെന്ന് ആക്ഷേപം.
കുടുംബശ്രീ അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക സാമ്പത്തിക പരിശോധന റിപ്പോര്‍ട്ടിലാണ് കണക്കിലെ വ്യത്യാസം എടുത്തുപറയുന്നത്. അയല്‍ക്കൂട്ടത്തിന്റെ അക്കൗണ്ടുകളും രജിസ്റ്ററുകളും പരിശോധിച്ചതില്‍ 36393 രൂപയുടെ വരവ്/ചെലവ് ബില്ലുകള്‍/വൗച്ചറുകള്‍ യാതൊരു രജിസ്റ്ററുകളിലും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.—
30.11.2011 വരെയുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ കാണപ്പെട്ട ഈ വ്യത്യാസം എത്രയും വേഗം ബേങ്കില്‍ നിക്ഷേപിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു. പാലക്കാട് വടക്കന്തറ സ്വദേശി ഗംഗാധരന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്നതുപ്രകാരം കുറവ് കണ്ടെത്തിയ തുക ബേങ്കില്‍ നിക്ഷേപിച്ചതറിയാന്‍ ബേങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും വിവരാവകാശപ്രകാരം എടുത്തെങ്കിലും ഇത്രയും വലിയ തുക നിക്ഷേപിച്ചതായി കണ്ടെത്തിയില്ല. ഇതാണ് ആക്ഷേപത്തിന് ഇടയാക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്ത തുക ബാങ്കില്‍ അടപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നാണ് പരാതി.—
അനുപമ കുടുംബശ്രീയുടെ സാമ്പത്തിക രജിസ്റ്റര്‍, സമാഹൃത രജിസ്റ്റര്‍, വായ്പാ രജിസ്റ്റര്‍ എന്നിവ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കണക്കിലുണ്ടായ കുറവും ബന്ധപ്പെട്ട രേഖകള്‍ യഥാവിധി സൂക്ഷിക്കാതിരിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടും അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.—
അയല്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ശക്തമായിരിക്കെ വിവരാവകാശ പ്രകാരമുള്ള അപേക്ഷക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ജനുവരിയില്‍ വടക്കന്തറ സ്വദേശി ഗംഗാധരന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടതില്‍ 2008 മുതല്‍ 2012 വരെയുള്ള മിനിട്‌സിന്റെ പകര്‍പ്പ് പൂര്‍ണമായും ലഭ്യമാക്കിയില്ല.
2008-12 വരെയുള്ള വായ്പാ രജിസ്റ്ററിന്റെ പകര്‍പ്പും നല്‍കിയില്ല. 2011-12 ലെ ഓഡിറ്റ് റിപ്പോര്‍ട്ടും 2008-12 കാലയളവിലെ റിവോള്‍വിംഗ് ഫണ്ട് വിനിയോഗിച്ചതിന്റെ മുഴുവന്‍ വിവരങ്ങളുടെയും പകര്‍പ്പും കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളത്.

Latest