Connect with us

Kasargod

മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തും

Published

|

Last Updated

കാസര്‍കോട്: ബദിയടുക്ക ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കത്തില്‍ ആവശ്യമായ 25 കോടി രൂപ കണ്ടെത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. യോഗത്തില്‍ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് നിര്‍മാണ ഇനത്തില്‍ സര്‍ക്കാര്‍ ഇതുവരെ 11.25 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. പ്രവൃത്തി തുടങ്ങണമെങ്കില്‍ 25 കോടി രൂപ ആവശ്യമാണ്. ഈ തുക എങ്ങിനെ കണ്ടെത്താമെന്ന് യോഗം ചര്‍ച്ച ചെയ്തു. ആദ്യഘട്ടത്തിനാവശ്യമായ ഫണ്ട് സ്വരൂപിച്ച് കഴിഞ്ഞ ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനുള്ള ശിലാസ്ഥാപനം ചെയ്തു ഒരു വര്‍ഷം കഴിഞ്ഞു. പദ്ധതിക്കുളള ഭരണാനുമതി സര്‍ക്കാറില്‍നിന്നും ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് 335 കോടി രൂപയാണ് ആവശ്യമുളളത്. ഇതില്‍ നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫ് സ്‌കീം പ്രകാരം നാല് ശതമാനം പലിശക്ക് 64 കോടി രൂപ വായ്പ ലഭ്യമാക്കും. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രിയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുക. ഇതിന്റെ കെട്ടിട നിര്‍മാണത്തിന് 68 കോടി രൂപയും, ഇലക്ട്രിക് ജോലിക്ക് 19 കോടിയും മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്ക് 17 കോടിയും മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 33കോടി രൂപയും അടക്കം മൊത്തം 137 കോടി രൂപ ചെലവഴിക്കും. മെഡിക്കല്‍ കോളജില്‍ അക്കാദമി ബ്ലോക്ക,് താമസത്തിനാവശ്യമായ ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയ്ക്ക് ബാക്കി തുക ചെലവഴിക്കുന്നതാണ്. നിര്‍മാണ ചുമതല കിറ്റ്‌ക്കോ കമ്പനിയെയാണ് ഏല്‍പ്പിക്കുക. പദ്ധതിക്ക് സര്‍ക്കാറില്‍നിന്നും ഭരണാനുമതി ലഭിച്ച ഉടനെ ടെണ്ടര്‍ ചെയ്തു പ്രവൃത്തി ആരംഭിക്കും.
യോഗത്തില്‍ എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്. പി ബി അബ്ദുറസാഖ്, മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ പി ജി ആര്‍ പിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍ ഡെപ്യൂട്ടി ഡി എം ഒ. എം സി വിമല്‍രാജ്, ഡെപ്യൂട്ടി കലക്ടര്‍ പി കെ ജയശ്രീ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി മാധവദാസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ ജയാനന്ദ, കിറ്റ്‌ക്കോ പ്രതിനിധി എം എസ് ഷാലിമാര്‍, സൈറ്റ് എന്‍ജിനീയര്‍ എ വി ബബിത, ഭൂഗര്‍ഭജല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ രതീഷ്, പരിസ്ഥിതി വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ശോഭ കുഷെ, അസി. ടൗണ്‍ പ്ലാനര്‍ എസ് നിതിന്‍കുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി കെ സുജിത്കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി കെ ശ്രീവത്സം തുടങ്ങിയവര്‍ പങ്കെടുത്തു.