Connect with us

Articles

അവസാന വിയര്‍പ്പും തോട്ടത്തിന് വളമായി

Published

|

Last Updated

വയനാട് പെരുന്തട്ടയിലെ അസീസ് ഹൃദ്രോഗിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത് കഴിഞ്ഞ മാസം 20ന്. 64കാരനായ അസീസ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിയിട്ടില്ല. എന്നാല്‍ വീട്ടില്‍ വിശ്രമത്തിലുമല്ല. പ്രായത്തിന്റെ അവശതയില്‍ വിശ്രമ ജീവിതം നയിക്കേണ്ട അസീസ് വയനാട് പാതൂര്‍ പ്ലാന്റേഷന്‍ എസ്‌റ്റേറ്റില്‍ ഇന്നും തേയിലച്ചപ്പ് നുള്ളി കഴിയുകയാണ്. വാര്‍ധക്യത്തിലും നാലണ സാമ്പാദിക്കണമെന്ന ആഗ്രഹം കൊണ്ടല്ല, മറ്റു മാര്‍ഗമില്ലാത്തതിനാല്‍ രോഗം മറന്നു വിയര്‍പ്പൊഴുക്കുകയാണ് ഈ പാവം. പ്രായം 58 ആയാല്‍ ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടണമെന്നാണ് കമ്പനി നിയമം. എന്നാല്‍ അസീസിനെ ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുമില്ല. നാല് പതിറ്റാണ്ടായി തേയിലപ്പാടിയില്‍ ഹൃദയനൊമ്പരവും പേറി കഴിഞ്ഞ അസീസിന്റെ ഹൃദയം 64 കഴിഞ്ഞും മിടിക്കുന്നത് മുതലാളിക്ക് വേണ്ടിയാണ്. 40 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ നല്‍കാത്തതിനാല്‍ അസീസിന് പാടി വിട്ട് ഇറങ്ങാനാകുന്നില്ല, ജോലി ഉപേക്ഷിച്ച് ഇറങ്ങിയാല്‍ പിന്നെ ആനുകൂല്യം ചോദിച്ച് തിരിച്ചു ചെല്ലാനുമാകില്ല. ചോദിക്കുമ്പോഴൊക്കെ നഷ്ടക്കണക്കുകള്‍ നിരത്തി അസീസിന് മുന്നില്‍ മുതലാളി കൈ മലര്‍ത്തും. അവസാനം ആശുപത്രി ചെലവിനായി അന്‍പതിനായിരം രൂപയെങ്കിലും നല്‍കണമെന്ന ആവശ്യവും മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ല. ഈ മാസം അവസാനത്തോടെ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ കമ്പനി ഓഫീസിന് മുന്നില്‍ ഇതേ എസ്റ്റേറ്റില്‍ തന്നെ ജോലി ചെയ്യുന്ന ഭാര്യക്കൊപ്പം സമരം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഈ വൃദ്ധനായ തൊഴിലാളി.
ജീവിതത്തിന്റെ നല്ല കാലമെല്ലാം തേയില ചെരുവില്‍ ഇരുട്ടിവെളുപ്പിച്ച അസീസിന് സമ്പാദ്യമായി കിട്ടിയത് ഹൃദ്യോഗമാണ്. വാര്‍ധക്യത്തില്‍ ഹൃദയത്തിന്റെ താളം വീണ്ടെടുക്കാന്‍ തന്റെ തന്നെ സമ്പാദ്യത്തിനായി യജമാനന് മുന്നില്‍ കൈനീട്ടി നില്‍ക്കുകയാണിന്ന് ഈ നിര്‍ഭാഗ്യവാന്‍. പാതൂര്‍ പ്ലാന്റേഷന്റെ മൂന്ന് എസ്‌റ്റേറ്റുകളിലായി അഞ്ഞൂറോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. പലരുടേയും അവസ്ഥ ദയനീയം, പ്രായം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാനാകാതെ എഴുപതിനോടടുത്ത പ്രായത്തില്‍ പണിയെടുക്കുന്നവരുടെ അവസ്ഥ പരമദയനീയവും. എട്ട് തൊഴിലാളികള്‍ 65നും 70നും ഇടയില്‍ പ്രായമുള്ളവരാണ്. തേയിലപ്പാടിയില്‍ മരിച്ചു പണിയെടുക്കുന്ന ചാമിക്കും സരോജത്തിനും നഫീസക്കും ലൂയിസിനും ബാവക്കുമെല്ലാം വാര്‍ധക്യത്തിന്റെ അവശതകളുണ്ട്. പാടി സമ്മാനിച്ച രോഗങ്ങളുടെ കൂട്ടുമുണ്ട്. പക്ഷേ, മുതലാളി കനിയാത്തതിനാല്‍ ഇന്നും മനസ്സിനൊപ്പം ശരീരവും ചുളിഞ്ഞ ഇവരൊക്കെ പാടികളില്‍ തന്നെ ജീവിതത്തിന്റെ സായാഹ്നവും തള്ളിനീക്കുകയാണ്. ചികില്‍സാ ചെലവിനായി നേരത്തെ നല്‍കിയിരുന്ന തുക പോലും കമ്പനി നല്‍കാതായതോടെ ഇവരില്‍ പലരുടേയും ജീവിതം തന്നെ ചോദ്യചിഹ്നമായിട്ടുണ്ട്. വയനാട്ടിലെ മാത്രം അവസ്ഥയല്ലിത്, കേരളത്തിലെ എല്ലാ തേയിലതോട്ടങ്ങള്‍ക്കും ഹൃദയം പൊട്ടുന്ന പീഡനത്തിന്റെ നൂറു കഥകളാണ് പറയാനുള്ളത്.
മഹാവീര്‍ പ്ലാന്റേഷന്റെ ഇടുക്കിയിലെ ബോണക്കാട്ട് എസ്‌റ്റേറ്റില്‍ 40 വര്‍ഷം ജോലി ചെയ്ത മാഹീനും ചെല്ലത്തായിയുമൊക്കെ അസീസിന്റെ പ്രതിരൂപങ്ങളാണ്. ആനുകൂല്യങ്ങള്‍ നല്‍കാത്തതിനാല്‍ കമ്പനി വക ലയങ്ങളില്‍ ചുരുണ്ടുകൂടി കഴിയുകയാണിന്നും ഇവരൊക്കെ. തോട്ടങ്ങളുടെയും ജീവിതത്തിന്റെയും പ്രസരിപ്പ് മാഞ്ഞ ബോണക്കാട് എസ്റ്റേറ്റ് 1350 ഏക്കറാണ്. ഇതില്‍ 950 ഏക്കറും തേയിലയാണ്. എന്നാല്‍ എസ്റ്റേറ്റിന്റെ പ്രതാപം മങ്ങി തേയിലച്ചെടികളില്‍ കാട് കയറിയപ്പോള്‍ ഒപ്പം മൂടികെട്ടിയത് മാഹീന്റെയും ചെല്ലത്തായിയുടേയുമൊക്കെ ജീവിതമാണ്.
ഇടുക്കിയിലെ കാറ്റാടി മുക്ക് ലയത്തില്‍ താമസിക്കുന്ന സുധ ബി ഡിവിഷന്‍ എസ്റ്റേറ്റിലെ താത്കാലിക തൊഴിലാളിയാണ്. സ്ഥിരം തൊഴിലാളിയായിരുന്ന ഭര്‍ത്താവ് തങ്കരാജ് 2006ല്‍ വിരമിച്ചെങ്കിലും പി എഫ് അടക്കമുള്ള ആനുകൂല്യങ്ങളൊന്നും മാനേജ്‌മെന്റ് നല്‍കിയില്ല. തൊഴിലാളിയുടെ വിഹിതം കൃത്യമായി പിടിച്ചെടുത്ത കമ്പനി അത് അടച്ചില്ല. ബേങ്ക് വായ്പക്കുള്ള ഈടായി മാത്രം തോട്ടം മാറിയതോടെ തങ്കരാജും സുധയും ജീവിതസമ്പാദ്യങ്ങള്‍ വിഴുങ്ങിയ തോട്ടം മുതലാളിമാരുടെ മറ്റൊരു ഇരയായി മാറി. തിരുവനന്തപുരം വിതുരയിലെ തേയിലതോട്ടത്തില്‍ ജോലിക്കിടെ വീണ് പരുക്കേറ്റ് 10 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന രാജുവിന്റെ കുടുംബത്തിന്റെ പട്ടിണി മാറാന്‍ ഭാര്യ അന്നക്കിളിയുടെ നിത്യവരുമാനത്തിനുമാകുന്നില്ല. എല്ലാ മാസവും പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സക്കെത്തണമെങ്കില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടണം. ജീവിതത്തിന്റെ നല്ല നാളുകളില്‍ കുന്നിന്‍ചെരുവുകളില്‍ വിയര്‍പ്പും രക്തവും ഒഴുക്കിയ തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ പങ്ക് പറ്റിയ മുതലാളിമാര്‍ പിച്ചച്ചട്ടിയിലാണ് കൈയിട്ടു വാരിയത്. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തോട്ടങ്ങളില്‍ വലിഞ്ഞു കയറാന്‍ വിധിക്കപ്പെട്ട അറുപതുകാരും എഴുപതുകാരും ഏറെയുള്ള തൊഴില്‍മേഖലയും ഈ തേയിലപാടികള്‍ തന്നെ. വര്‍ഷങ്ങളോളം തങ്ങളുടെ തോട്ടങ്ങളില്‍ നിന്ന് അധ്വാനത്തിന്റെ വിളവ് തന്ന തൊഴിലാളി ജീവിതാന്ത്യത്തില്‍ രക്തം തുപ്പുമ്പോഴും ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചു വിടാനല്ല, മറിച്ച് അവന്റെ അവസാന വിയര്‍പ്പും ശ്വാസവും തോട്ടംഭൂമിയില്‍ വളമായി മാറ്റാനാണ് മുതലാളി ശ്രമിക്കുന്നത്.

Latest