Connect with us

Articles

ദീപാവലിക്കാലത്തെ മധുരിക്കാത്ത ചില സത്യങ്ങള്‍

Published

|

Last Updated

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദീപാവലി ആഘോഷം കേരളത്തിലും വിപുലമായി വരികയാണ്. ഇവിടെ ആഘോഷത്തിലെ പ്രധാന ഇനം മധുരപലഹാര കൈമാറ്റമാണ്. ഇതില്‍ ഒട്ടുമിക്ക പലഹാരങ്ങളും ഉത്തരേന്ത്യന്‍ തരാതരങ്ങളാണുതാനും. ദീപാവലി മിഠായികളിലെ മായം ചേര്‍ക്കല്‍ കഴിഞ്ഞ പതിറ്റാണ്ടായി ചര്‍ച്ചാ വിഷയവുമാണ്. പാല്‍, പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, നിറങ്ങള്‍, രുചിക്കൂട്ടുകള്‍, ഉണ്ടാക്കാനുപയോഗിക്കുന്ന വിവിധയിനം പൊടികള്‍ തുടങ്ങിയവയില്‍ മിക്ക മധുര പലഹാരങ്ങളിലും വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നു. പല ആഹാര പദാര്‍ഥങ്ങളും വൃത്തിഹീനമായ ചുറ്റുപാടിലും വെടിപ്പില്ലാതെയും ഉണ്ടാക്കുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മധുര പലഹാര നിര്‍മാണത്തിന് മലിനജലം പലയിടത്തും ഉപയോഗിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പലഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഭീഷണി കൂടുന്നു.
ഗുലാബ് ജാമൂന്‍, ഹലുവ, ജലീബി, ലഡു, രാസ്മലി, ബര്‍ഫി, കേസര്‍ പേഡ, ബൂണ്ടിക്ക ലഡു, ആഗ്ര പേട്ട, കുല്‍ഫി, രസഗുള, മാവ, മില്‍ക് പേടകള്‍ എന്നിവയാണ് പ്രധാന ദീപാവലി മധുരപലഹാര വിഭവങ്ങള്‍. മിക്കവാറും മധുരപലഹാരങ്ങള്‍ വേണ്ടതുപോലെ വേവിക്കാറില്ല. ഇതുകൊണ്ട് തന്നെ സാല്‍മൊനെല്ല പോലുള്ള മാരകമായ വിഷബാധ ഉണ്ടാക്കാവുന്ന ബാക്ടീരിയകളുടെ വിഹാര രംഗമാകുകയാണ് പല മധുര പലഹാരങ്ങളും. മധുരപലഹാരങ്ങളില്‍ മഞ്ഞ നിറം നല്‍കാന്‍ (പ്രത്യേകിച്ചും ലഡുവില്‍) ലെഡ് ചേര്‍ത്ത മെറ്റാനില്‍ മഞ്ഞ എന്ന രാസപദാര്‍ഥമാണ് ഉപയോഗിക്കുന്നത്. ഇത് ക്യാന്‍സര്‍ രോഗം ഉണ്ടാക്കുന്നതും തലച്ചോറിനും കിഡ്‌നിക്കും പ്രവര്‍ത്തന മാന്ദ്യം വരുത്തുന്നതുമായ രാസപദാര്‍ഥമാണ്. പനീര്‍ പോലുള്ള ആഹാര പദാര്‍ഥങ്ങളില്‍ മ്യൂറിക് ആസിഡ്, ലെഡ് നൈട്രേറ്റ് എന്നീ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നു. ഇതും പാലില്‍ ചേര്‍ക്കുന്ന ഫോര്‍മലിന്‍ എന്ന രാസപദാര്‍ഥവും വളരെ മാരകമായ വിഷങ്ങളാണ്. മുഖ്യ നാഡീ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രാസപദാര്‍ഥങ്ങള്‍ അപകടകാരികളാണ്. ഗുലാബ് ജാമുനില്‍ ചേര്‍ക്കുന്ന “സുഡാന്‍മൂന്ന്” എന്ന രാസപദാര്‍ഥം തൊലി ചൊറിച്ചിലിനും ത്വക് രോഗങ്ങള്‍ക്കും ഇടവരുത്തുന്നു. മധുര പലഹാരങ്ങള്‍ കേട് കൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലീന്‍ ചേര്‍ത്ത പലഹാരങ്ങള്‍ ആസ്തമക്ക് കാരണമാകുന്നുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഇത്തരം രാസപദാര്‍ഥങ്ങള്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കും. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യമുണ്ടാകുന്നതിന് മധുര പലഹാരങ്ങളിലെ മായം കാരണമാകുന്നുണ്ട്. വൃത്തിഹീനമായും നിറം നല്‍കിയും ഉണ്ടാക്കുന്ന മിക്കവാറും മധുരപലഹാരങ്ങളിലും ഏലക്കായ്, കുങ്കുമപ്പൂവ്, പനിനീര്‍ എന്നീ സുഗന്ധ ദായിനികള്‍ ചേര്‍ക്കുമ്പോള്‍ വാങ്ങുന്നവര്‍ക്ക് കേട് വന്ന മധുര പലഹാരം പോലും തിരിച്ചറിയാനാകുന്നില്ലെന്നതാണ് വാസ്തവം.
ദീപാവലി മധുര പലഹാരങ്ങളില്‍ സില്‍വര്‍ പൊതിയുന്നത് സാധാരണമാണ്. തങ്കക്കടലാസ് പോലെ തോന്നിക്കുന്ന വെള്ളി നിറമുള്ള പദാര്‍ഥം, കനം കുറഞ്ഞ അലൂമിനിയ പാളിയാണ്. മനുഷ്യശരീരത്തിന് മാരകമാണിത്. ഇത് പലഹാരങ്ങളിലൂടെ ശരീരത്തിലെത്തി കോശങ്ങളില്‍ അടഞ്ഞുകൂടുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ക്ഷയിപ്പിക്കുകയും ചെയ്യും. മധുര പലഹാരങ്ങളിലെ മിക്കവാറും പ്രിസര്‍വേറ്റീവ്‌സ് (കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍) ക്യാന്‍സറിനും ആസ്തമക്കും കാരണമാകുന്നവയാണ്. ഇവ കിഡ്‌നി, കരള്‍ എന്നിവയെയും മാരകമായി ബാധിക്കും. മിക്കവാറും ഇന്ത്യക്കാരും ജനിതകമായി ഡയബെറ്റീസ് (പ്രമേഹം) രോഗത്തിന് അടിമകളാണ്. ദീപാവലി കഴിയുന്നതോടെ മധുര പലഹാരങ്ങളുടെ അമിത ഉപയോഗം മൂലം പ്രമേഹ രോഗം പല ആളുകളില്‍ വര്‍ധിക്കുന്നത് സാധാരണയാണ്.
നമുക്ക് ഉപഹാരമായി ലഭിക്കുന്നതും ഗിഫ്റ്റായി നാം കൊടുക്കുന്നതും വന്‍ തോതില്‍ നെയ്യ് കലര്‍ന്ന വന്‍ കലോറി മധുര പലഹാരങ്ങളാണ്. സന്തോഷ സൂചകമായി ഇത് നല്‍കുന്നത് ശരിക്കും ദ്രോഹപരമാണ്. മധുരപലഹാരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകളായ സാലിസിലിക് ആസിഡ്, ബെന്‍സോയിക് ആസിഡ്, ബോറിക് ആസിഡ് എന്നിവ കുടലിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ്. അള്‍സറിലേക്കും ട്യൂമറിലേക്കും തള്ളിവിടാന്‍ ശേഷിയുള്ളവയാണവ. നിറം നല്‍കാന്‍ ഉപയോഗിക്കുന്ന കോള്‍ടാര്‍ നിറങ്ങള്‍, ചെമ്പ്, ആര്‍സനിക്ക്, എന്നിവയും അപകടകാരികളാണ്. മധുരപലഹാരങ്ങളില്‍ മഞ്ഞ നിറം ലഭിക്കാന്‍ ചേര്‍ക്കുന്നത് ക്രോംമഞ്ഞ, മഞ്ഞ ചോക്ക് പൊടി എന്നിവയാണ്. മിക്കവാറും മധുരപലഹാരങ്ങളും കൃത്രിമ പാല്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
യോഗട്ടും (കട്ടിപ്പാല്‍), നെയ്യ്, വെണ്ണ, ക്രീം എന്നിവയും കൃത്രിമ പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു. ദീപാവലി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിജയത്തിന്റെയും ഉത്സവമാണെന്ന് പറയുമ്പോഴും അതിലെ മധുരപലഹാരങ്ങള്‍ മായപൂരിതമായിരിക്കുന്നു എന്നതാണ് വേദനാജനകമായ വസ്തുത. അങ്ങനെ വരുമ്പോള്‍ ഇപ്പറഞ്ഞതിനെല്ലാം വിപരീതമായത് സംഭവിക്കുന്നു. മായം ചേര്‍ക്കല്‍ തടയാന്‍ നിയമങ്ങളൊക്കെയുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അഴിമതി മൂലം പല നിയമങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈമനസ്യം കാണിക്കുകയാണ്. മനുഷ്യരെ രോഗങ്ങളിലേക്ക് തള്ളി വിടുന്ന മധുര പലഹാരങ്ങളിലെ മായം ചേര്‍ക്കല്‍ തടയാനായി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനങ്ങള്‍ നിസ്സഹായരാണ്. ആഘോഷം അത്യാഹിതത്തില്‍ അവസാനിക്കാതിരിക്കാന്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. .കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണം. അതേപോലെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുതകുന്ന സമീപനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. ഉപയോഗം നിയന്ത്രിക്കുക, സാമാന്യം വിശ്വസ്തരില്‍ നിന്ന് വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആഘാതത്തിന്റെ വ്യാപ്തി കുറക്കാനാകും.

---- facebook comment plugin here -----

Latest