Connect with us

Kerala

അധിക നികുതി: കെ പി സി സി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: ജനങ്ങളില്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാരിനെതിരെ കെ പി സി സി ഭാരവാഹി യോഗത്തില്‍ രൂക്ഷ വിമര്‍ശം. നികുതി പിരിവ് ഊര്‍ജിതമാക്കാതെ അധിക നികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച നിലപാടിനെതിരെയാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. നികുതി വര്‍ധന പാര്‍ട്ടിയുടെ ഒരു വേദിയിലും ചര്‍ച്ച ചെയ്തില്ലെന്നും ഓര്‍ഡിനന്‍സിലൂടെ നികുതി വര്‍ധന നടപ്പാക്കിയത് ശരിയായില്ലെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. നികുതി വര്‍ധനപോലെയുളള വിഷയങ്ങള്‍ നിയമസഭാ സമ്മേളനം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും നിലവിലെ സ്ഥിതി ജനവിരുദ്ധ സര്‍ക്കാരെന്ന പ്രതിച്ഛായ ഉണ്ടാക്കുമെന്നും സതീശന്‍ കുറ്റപ്പെടുത്തി. നികുതി വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ മന്ത്രിസഭയിലെടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയും പിന്നീട് പാര്‍ട്ടി തലത്തില്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന ഘടകകക്ഷികളുടെ സമീപനത്തിനെതിരെ മന്ത്രി തിരുവഞ്ചൂര്‍ വിമര്‍ശനമുന്നയിച്ചു.
നികുതി വിഷയത്തില്‍ തീരുമാനം കോണ്‍ഗ്രസിന്റെ മാത്രം തലയിലേക്ക് കെട്ടിവെക്കുന്ന കേരളാ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമീപനത്തിനെതിരെ തിരുവഞ്ചൂര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. നികുതി വര്‍ധിപ്പിക്കുന്നതിന് മുന്‍പ് പാര്‍ട്ടി വേദികളില്‍ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് വ്യാപകമായ രീതിയില്‍ എതിര്‍പ്പുയര്‍ന്നു. നികുതി വര്‍ധനവിന് മന്ത്രിസഭായോഗം ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനകത്തും യു ഡി എഫിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്കു ദോഷകരമായ നികുതിവര്‍ധന പുനഃക്രമീകരിക്കണമെന്നു മുസ്‌ലിം ലീഗും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും എം ലിജുവും യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം പാര്‍ട്ടി പുന സംഘടന മണ്ഡലതലം വരെ മാത്രമേ ഉണ്ടാകൂവെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി. എന്നാല്‍ സമവായം ഒഴിവാക്കി നടത്തുന്ന തിരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ സുധീരന്റെ കാര്യം പരുങ്ങലിലാകും. നിലവിലുള്ള സ്ഥിതിയില്‍ ഇരു ഗ്രൂപ്പുകളും ഒരുമിച്ച് സുധീരനെതിരെ നീങ്ങാനാണ് സാധ്യത. ഷെഡ്യൂള്‍ പ്രകാരം ദേശീയ തലത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത ജൂലൈ അഞ്ച്മുതല്‍ 25 വരെയാണ്. ഡിസംബര്‍ ഒന്നുമുതല്‍ അംഗത്വ വിതരണത്തോടെയാണ് സംഘടനാ തിരഞ്ഞെടുപ്പ് പ്രകിയ തുടങ്ങുക. എ ഐ സി സി അദ്ധ്യക്ഷ പദവിയിലേക്കടക്കമുള്ള തിരഞ്ഞെടുപ്പ് ഈ കാലയളവില്‍ നടത്തി ജൂലൈ 31നകം സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

Latest