Connect with us

National

സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി സുരക്ഷക്കായി ഏവരും സജ്ജമായിരിക്കണമെന്ന് സേനാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശത്രുക്കളെ കണ്‍വെട്ടത്ത് കാണണമെന്നില്ല. അത് കൊണ്ട് തന്നെ ജാഗരൂഗരായിരിക്കണം. വെല്ലുവിളികള്‍ ചിലപ്പോള്‍ അപ്രതീക്ഷിതമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചൈനീസ് അതിര്‍ത്തിയില്‍ പ്രശ്‌നം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ മോദി അധികാരത്തിലെത്തി ആദ്യമായി മൂന്ന് സേനാ മേധാവികളുമായും നടത്തുന്ന കൂടിക്കാഴ്ചക്ക് പ്രധാന്യമേറെയായിരുന്നു.
അവലോകന യോഗത്തില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്തു. രാജ്യസുരക്ഷ സംബന്ധിച്ച പ്രധാനമന്ത്രി തന്റെ വീക്ഷണം കര, വ്യോമ, നാവിക സേനാ മേധാവികളുമായി പങ്കുവെച്ചു. വ്യോമസേനാ മേധാവി അരുപ് റാഹ, നാവികസേനാ മേധാവി ആര്‍ കെ ധോവന്‍, കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് എന്നിവര്‍ ദേശീയ, അന്തര്‍ദേശീയ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തി.
ഒക്ടോബര്‍ ആദ്യം മുതല്‍ പാകിസ്ഥാന്‍ നിയന്ത്രണരേഖക്ക് അപ്പുറത്തുനിന്നു നടത്തുന്ന വെടിവെപ്പ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇതിനെതിരെ ഇന്ത്യന്‍ സേന തിരിച്ചടിക്കുകയും ചെയ്തിരുന്നു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ സന്ദര്‍ശനത്തിനിടയില്‍ പോലും ലഡാക്കിലും മറ്റും ചൈന കടന്നുകയറ്റം നടത്തിയിരുന്നു.

Latest