Connect with us

Techno

ഏറ്റവും കനം കുറഞ്ഞ ഐപാഡ് ആപ്പിള്‍ പുറത്തിറക്കി

Published

|

Last Updated

ipad air 2തങ്ങളുടെ ഐപാഡ് ശ്രേണിയിലെ ഏറ്റവും കനം കുറഞ്ഞ ടാബ്‌ലറ്റുകളായ ഐപാഡ് എയര്‍ 2, ഐപാഡ് മിനി 3 എന്നിവ ആപ്പിള്‍ പുറത്തിറക്കി. 6.1 എം എം ആണ് പുതിയ ഐപാഡ് മോഡലുകളുടെ കനം.

ഫിംഗര്‍ പ്രിന്റ് സ്‌ക്രീന്‍ലോക്കോട് കൂടിയ ഐപാഡ് എയര്‍ 2ന് 437 ഗ്രാമാണ് ഭാരം. ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ് സിസ്റ്റമായ എ8 എക്‌സ് ചിപ്പാണുപയോഗിച്ചിരിക്കുന്നത്. ആദ്യ മോഡലായ ഐപാഡ് എയര്‍ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിന് 40 ശതമാനം അധിക വേഗതയും 2.5 ഇരട്ടി കരുത്തും ഉള്ളതാക്കി മാറ്റുവാന്‍ പോന്നതാണ് എ8 ചിപ്. 10 മണിക്കൂര്‍ വരെ ബാറ്ററി റീചാര്‍ജു ചെയ്യാതെ ഉപയോഗിക്കാനാവും.

8 എം പി ക്യാമറയും, മള്‍ട്ടിപ്പിള്‍-ഇന്‍-മള്‍ട്ടിപ്പിള്‍-ഔട്ട് ടെക്‌നോളജിയോടെയുള്ള വൈഫൈ (802.11 എ സി) ഫീച്ചറും എയര്‍ 2-വിലുണ്ട്. ഐപാഡിനു വേണ്ടി മാത്രമായി നിര്‍മിച്ച 6,75,000 ആപ്പുകളും പുതിയ മോഡലില്‍ കാണാം. പുതിയതായി ലോഞ്ചു ചെയ്ത ഐപാഡ് മിനി 3 യില്‍ പഴയ മോഡലിനെ അപേക്ഷിച്ച് ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ് പ്രധാന വ്യത്യാസം. ബാക്കിയെല്ലാ ഫീച്ചറുകളും പഴയതിനു സമാനമാണ്.

ഇരു മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ ഒ എസ്8 -ലാണ് പ്രവര്‍ത്തിക്കുന്നത്. ഐഫോണും ഐപാഡും ഒരേ വൈഫൈ റേഞ്ചിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഐഫോണില്‍ വരുന്ന കോളുകള്‍ ഐപാഡില്‍ സ്വീകരിക്കുവാന്‍ സാധിക്കും.

പുതിയ മോഡലുകള്‍ ലോഞ്ചു ചെയ്തതിനൊപ്പം തന്നെ ഐപാഡ് മിനി, മിനി 2 തുടങ്ങിയ പഴയ മോഡലുകളുടെ വില ആപ്പിള്‍ കുറച്ചിട്ടുണ്ട്. ഐപാഡ് മിനി 17,900 രൂപക്കും, ഐപാഡ് മിനി 2 മോഡല്‍ 21,900 രൂപക്കും ഇപ്പോള്‍ സ്വന്തമാക്കാം. ഐപാഡ് എയറിന് 28,900 മുതലാണ് വില. പുതിയ മോഡലുകള്‍ക്ക് ഒക്ടോബര്‍ 17 വെള്ളിയാഴ്ച മുതല്‍ പ്രീ ബുക്കിംഗിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. സില്‍വര്‍, സ്പ്രിംഗ് ഗ്രേ, ഗോള്‍ഡന്‍ നിറങ്ങളില്‍ ടാബ്‌ലെറ്റുകള്‍ ലഭ്യമാകും. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഐപാഡ് മോഡലുകളെത്തുമെന്നാണ് പ്രതീക്ഷ