Connect with us

Gulf

ട്രാം: നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്തും

Published

|

Last Updated

ദുബൈ: ട്രാം പാതയിലേക്ക് ചുവപ്പ് സിഗ്നല്‍ മറികടന്നെത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ആര്‍ ടി എ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കലും 30,000 ദിര്‍ഹം പിഴയുമായിരിക്കും. ട്രാം സര്‍വീസ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മുന്നറിയിപ്പുമായി ആര്‍ ടി എ രംഗത്തെത്തിയിരിക്കുന്നത്. മറികടക്കലിന്റെ ഗൗരവം കുറഞ്ഞ കേസുകളില്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ലൈസന്‍സ് റദ്ദാക്കലുമാവും ശിക്ഷ. പരമാവധി ശിക്ഷയായി നിയമലംഘകര്‍ക്ക് 30,000 ദിര്‍ഹം പിഴയും ഒരു വര്‍ഷം ലൈസന്‍സ് റദ്ദ് ചെയ്യലുമാവും നല്‍കുക. അടുത്ത മാസം 11 ആണ് ട്രാം ഓട്ടം ആരംഭിക്കുക. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുന്ന കേസുകളില്‍ 15,000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. ഇവരുടെ ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദ് ചെയ്യും.
ട്രാമിനായി സിഗ്നല്‍ നല്‍കിയിരിക്കേ റോഡിലൂടെയുള്ള വാഹനങ്ങള്‍ ചുവപ്പ് വെളിച്ചം മറികടന്നു ട്രാം പാതയിലേക്ക് അതിക്രമിച്ചു കയറുകയും അപകടത്തില്‍ ആരെങ്കിലും മരിക്കുകയും ചെയ്താല്‍ 30,000 ദിര്‍ഹമായിരിക്കും പിഴ. ഇവരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക റദ്ദ് ചെയ്യും. ഇതിന് പുറമേ പോലീസ് ചാര്‍ജ് ചെയ്യുന്ന ശിക്ഷയും നിയമലംഘകര്‍ അനുഭവിക്കേണ്ടി വരും.
രണ്ടാഴ്ച മുമ്പ് പരീക്ഷണാര്‍ഥം ഓടിക്കൊണ്ടിരുന്ന ട്രാമില്‍ യുവതി ഓടിച്ച കാര്‍ ഇടിച്ചതായി ആര്‍ ടി എ വെളിപ്പെടുത്തിയിരുന്നു. മൂന്നാം തിയ്യതിയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. നോളജ് വില്ലേജിന് സമീപത്തായിരുന്നു അപകടം. സ്ത്രീ മൊബൈലില്‍ സംസാരിച്ച് കാര്‍ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ട്രാം കടന്നു പോകുന്നതിനാല്‍ വാഹനങ്ങള്‍ക്ക് അപകട മുന്നറിയിപ്പായി ചുവപ്പ് വെളിച്ചം തെളിഞ്ഞിരിക്കേയായിരുന്നു കാര്‍ ട്രാം പാതയിലേക്ക് കടന്നതും കോച്ചുമായി ഇടിച്ചതും.
27,000 യാത്രക്കാര്‍ ദിനേന ട്രാം സര്‍വീസിനെ ആശ്രയിക്കുമെന്നാണ് ആര്‍ ടി എ കണക്കു കൂട്ടുന്നത്. നവംബര്‍ 11നാണ് ട്രാം യാത്രക്കാരെ വഹിച്ച് ഓടാന്‍ ആരംഭിക്കുക. യുറോപ്പിന് പുറത്ത് തറയിലൂടെ വൈദ്യുതി എത്തിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ട്രാം പദ്ധതികൂടിയാണിത്.
ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 20 മണിക്കൂറാവും ട്രാം പ്രവര്‍ത്തിക്കുക. രാവിലെ അഞ്ചു മണി മുതല്‍ ഏഴു മണി വരെ എട്ട് മിനുട്ട് ഇടവിട്ടാവും ട്രാം സര്‍വീസ്. രാവിലെ 10നും രാത്രി എട്ടിനും ഇടയില്‍ ഓരോ ആറു മിനുട്ടിലും ട്രാം സര്‍വീസ് നടത്തും. ഓരോ സ്‌റ്റേഷനിലും 30 സെക്കന്റാവും നിര്‍ത്തുക. മണിക്കൂറില്‍ 21.44 കിലോ മീറ്ററായിരിക്കും വേഗം. പരമാവധി വേഗം 50 കിലോമീറ്ററായിരിക്കും. 42 മിനുട്ടിനകം ട്രാം ഒരു തവണ സര്‍വീസ് പൂര്‍ത്തീകരിക്കും.
ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമും ഇമാറാത്തി ബെല്‍ജിയന്‍ കോഫഌ ബിസിക്‌സും അടങ്ങുന്ന കസോര്‍ഷ്യത്തിനാണ് നിര്‍മാണ ചുമതല. 85.10 കോടി ദിര്‍ഹത്തിനാണ് 13 വര്‍ഷത്തേക്ക് കമ്പനികള്‍ കരാര്‍ നേടിയത്. ഒന്നാം ഘട്ടത്തില്‍ 11 ട്രാമുകളാണ് ദുബൈ മറീനയില്‍ നിന്ന് പോലീസ് അക്കാഡമി വരെ 10.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ യാത്രക്കാരുമായി ഓടുക.. 11 സ്റ്റേഷനുകള്‍ ഉണ്ടാകും. ട്രാം ഓടാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ട്രാമുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാല്‍നട യാത്രക്കാരും വാഹനം ഓടിക്കുന്നവരും പാലിക്കണമെന്ന് ആര്‍ ടി എ അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest