Connect with us

Gulf

ജൈറ്റക്‌സ് സാങ്കേതിക വാരത്തിന് തിരശ്ശീല; അവസാന ദിവസവും കനത്ത തിരക്ക്

Published

|

Last Updated

gitexദുബൈ: ആധുനിക സാങ്കേതികവിദ്യയുടെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട ജൈറ്റെക്‌സ് സാങ്കേതിക വാരത്തിന് തിരശ്ശീല. 13ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച ജൈറ്റെക്‌സിന്റെ അവസാന ദിനമായ ഇന്നലെയും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. യു എ ഇ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബഹുരാഷ്ട്ര കമ്പനികളും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ ഒരുക്കിയിരുന്നു.

ജൈറ്റെക്‌സില്‍ ഡ്രോണുകളുടെ പ്രദര്‍ശനം മിക്ക പവലിയനുകളിലും ഉണ്ടായിരുന്നു. നിരീക്ഷകന്‍, സന്ദേശവാഹകന്‍ എന്നതിലപ്പുറം ഡ്രോണുകളെ ഉപയോഗപ്പെടുത്താനാകുമെന്നാണ് സാങ്കേതികവിദഗ്ധരുടെ വിലയിരുത്തല്‍. സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും മറ്റുമായി തൊഴില്‍മന്ത്രാലയവും ഹയര്‍ കോളജസ് ഓഫ് ടെക്‌നോളജി (എച്ച്‌സിടി)യും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.
നിലവില്‍, 15-20 മിനിറ്റ് പ്രവര്‍ത്തിക്കുന്ന ബാറ്ററി ഉപയോഗിച്ച് രണ്ടു ചതുരശ്ര കിലോമീറ്റര്‍ പരിധിവരെ ഡ്രോണ്‍ പറപ്പിക്കാം. ഒരുകിലോമീറ്റര്‍ ഉയരത്തില്‍ പറക്കാം. ഏറ്റവും നൂതന വയര്‍ലസ് സംവിധാനമാണ് യു എ ഇ വികസിപ്പിച്ച ഡ്രോണുകളിലുള്ളതെന്നു വിദഗ്ധര്‍ പറയുന്നു. ഏറ്റവും മികച്ച എച്ച്ഡി ക്യാമറയാണ് ഡ്രോണില്‍ ഘടിപ്പിക്കുക. ലക്ഷ്യത്തിനടുത്തുനിന്നും ആകാശത്തു നിന്നും തുരങ്കത്തിന്റെ ഉള്‍ഭാഗത്തു കടന്നുചെന്നും ഡ്രോണുകള്‍ക്കു ചിത്രമെടുക്കാനാകും. മുനിസിപ്പാലിറ്റി, ആര്‍ ടി എ, പോലീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുതിയ ഐ ടി സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ജൈറ്റെക്‌സിനായി.
ആര്‍ ടി എയുടെ പുതിയ സംവിധാനത്തിലൂടെ, ഏറ്റവും അടുത്തുള്ള പാര്‍ക്കിംഗ് മേഖലകളുടെ പൂര്‍ണവിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകും. ഒഴിവുള്ള സ്ഥലങ്ങള്‍ കാണിച്ചുതരികയും ചെയ്യും. വാഹനവും പാര്‍ക്കിംഗ് മേഖലയും തമ്മിലുള്ള അകലം, അവിടെ എത്താന്‍ വേണ്ട സമയം എന്നിവയൊക്കെ ലഭ്യമാകുന്നതിലൂടെ കൃത്യമായി ലക്ഷ്യത്തിലെത്താം. ഓരോ വാഹനവും പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇ-സെന്‍സര്‍ സംവിധാനം ഉണ്ടാകും. സെന്‍സറിന്റെ മുകളിലാണ് വാഹനം വന്നു നില്‍ക്കുക. അതുകൊണ്ട് എവിടെയൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു, എത്ര ഒഴിവുകളുണ്ട് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ഡ്രൈവര്‍മാര്‍ക്കു കൈമാറാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ സംവിധാനം അബുദാബി ഭാഗത്തേക്കുള്ള ശൈഖ് സായിദ് റോഡിലാണ് ആദ്യഘട്ടത്തിലുണ്ടാകുക. മറ്റിടങ്ങളില്‍ ഉടന്‍ നടപ്പാക്കും. സമയനഷ്ടമോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാതെ ആര്‍ക്കും പാര്‍ക്കിങ് മേഖലകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം സഹായകമാകുമെന്ന് ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ: മൈതാ ബിന്‍ അദിയ്യ് പറഞ്ഞു. പെയ്ഡ് പാര്‍ക്കിങ് മേഖല, പാര്‍ക്കിംഗ് സമയം, നിരക്ക് തുടങ്ങിയ വിവരങ്ങള്‍ മൊബൈലില്‍ അറിയാം.