Connect with us

Kerala

എം ജി കോളജിലെ ആക്രമണം: കേസ് പിന്‍വലിച്ചതിന് മുഖ്യമന്ത്രിയുടെ ന്യായീകരണം

Published

|

Last Updated

തിരുവനന്തപുരം: നഗരത്തിലെ എം ജി കോളജിലുണ്ടായ അക്രമത്തിനിടെ സി ഐക്കെതിരെ വധശ്രമം നടത്തിയ കേസ് പിന്‍വലിച്ചത് നീതി നിറവേറ്റാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ഒരു സര്‍ക്കാര്‍ ജോലി കിട്ടാതെ പോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തപ്പോള്‍ മാനുഷിക പരിഗണനയുടെ പേരിലാണ് സര്‍ക്കാര്‍ നടപടി.
പതിനേഴാം പ്രതിയും മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായിരുന്ന ടി ആര്‍ ആദര്‍ശ് ഉള്‍പ്പെട്ട കേസാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇതു ചെയ്തത്.
ബൈക്ക് അപകടത്തില്‍ പരുക്കേറ്റ ആദര്‍ശ് ആറ് മാസത്തിനു ശേഷം ആദ്യമായി കോളജില്‍ എത്തിയ നവംബര്‍ 23നാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷം ഉണ്ടായപ്പോള്‍ ഓടാന്‍ കഴിയാതെ നിസ്സഹായനായി നിന്ന ആദര്‍ശിനെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കി കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റ കേസായതിനാല്‍ അപേക്ഷ സ്വീകരിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജാമ്യം നേടി. അതിന്റെ ചുവടുപിടിച്ച് മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു.
കേസ് നിലവിലുള്ളതിനാല്‍ ആദര്‍ശിന് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലിക്ക് പ്രവേശിക്കാനായില്ല. നിരപരാധിത്വം തെളിയിക്കുന്ന രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായെങ്കിലും കേസിന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയതിനാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിക്ക് കേസ് പിന്‍വലിക്കല്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകുയും ചെയ്തു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുകയും കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
കേസ് പിന്‍വലിക്കുന്നതില്‍ നിയമപരമായ തടസ്സമില്ലെന്നു ഡിസംബര്‍ പന്ത്രണ്ടിന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോടതി കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുമെന്ന് പരുക്കേറ്റ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചതോടെയാണ് കേസ് പിന്‍വലിച്ചത്. 31 പേരുള്ള കേസില്‍ ഒരാളെ മാത്രമായി ഒഴിവാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് മൊത്തം കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വിശദീകരണത്തില്‍ പറയുന്നു.

Latest