Connect with us

Kollam

ശരീരം തളര്‍ന്ന യുവാവ് സര്‍ട്ടിഫിക്കേറ്റിനായി മണിക്കൂറുകളോളം ആംബുലന്‍സില്‍

Published

|

Last Updated

കൊല്ലം: അപകടത്തെതുടര്‍ന്നു ശരീരം പൂര്‍ണമായി തളര്‍ന്ന യുവാവിനോട് ആരോഗ്യവകുപ്പ് അധികൃതരുടെ ക്രൂരത.
കലക്ടറേറ്റില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിനായി എത്തിയ കൊല്ലം പനയം സ്വദേശി അനില്‍കുമാറി(42)നാണ് അധികൃതരുടെ ക്രൂരമായ പെരുമാറ്റത്തില്‍ മൂന്നരമണിക്കൂറോളം ആംബുലന്‍സില്‍ കാത്തുകിടക്കേണ്ടിവന്നത്.
സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണ് അനില്‍ ഇന്നലെ രാവിലെ ഭാര്യയും ബന്ധുക്കളോടുമൊപ്പം കലക്ടറേറ്റില്‍ എത്തിയത്. നേരത്തെ അനിലിന്റെ ഭാര്യ ഇതുസംബന്ധിച്ചു അപേക്ഷ നല്‍കിയപ്പോള്‍ അനില്‍ നേരിട്ടു ഹാജരാകണമെന്നു പറഞ്ഞിരുന്നു. അതിന്‍പ്രകാരമാണ് ഇന്നലെ കലക്ടറേറ്റില്‍ ആംബുലന്‍സില്‍ എത്തിയത്.
ടൈല്‍സ് ജോലിക്കാരനായിരുന്ന അനിലിനു കുറച്ചുനാളുകള്‍ക്കു മുമ്പ് കൊല്ലം പാലത്തറയിലുണ്ടായ ബൈക്ക് അപകടത്തെതുടര്‍ന്നാണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ശരീരം പൂര്‍ണമായി തളര്‍ന്നത്.
സംസാരശേഷിയും നശിച്ചു. മൂന്നുമാസക്കാലമായി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കലക്ടറേറ്റിലെ പടികള്‍ കയറി ഡി.എം.ഒ ഓഫീസിലെത്താന്‍ സാധിക്കാത്തതിനാല്‍ താഴെവന്നു പരിശോധിക്കണമെന്നു ബന്ധുക്കള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ ഇവരെ പരിഹസിച്ച് ഇറക്കിവിടുകയായിരുന്നു.ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റിനായി മൂന്നര മണിക്കൂറോളമാണ് അനിലിന് ആംബുലന്‍സില്‍ കാത്തിരിക്കേണ്ടി വന്നത്.
സംഭവമറിഞ്ഞു സ്ഥലത്തു തടിച്ചുകൂടിയ അഭിഭാഷകരും നാട്ടുകാരും ഡി എം ഒയെ ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു.സംഭവമറിഞ്ഞെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ ഡി എം ഒയെ ഉപരോധിച്ചു.
ഒടുവില്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം ബി ഉണ്ണികൃഷ്ണന്‍ ഇടപെട്ട് അനിലിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
സംഭവത്തെകുറിച്ചു ഡി എം ഒയോടു വിശദീകരണം തേടിയതായും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എ ഡി എം ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.