Connect with us

Kollam

സാമൂഹ്യ വിരുദ്ധര്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നതായി പരാതി

Published

|

Last Updated

അഞ്ചല്‍: ചീട്ടുകളിയും മദ്യപാനവും നിത്യതൊഴിലാക്കിയ സാമൂഹ്യ വിരുദ്ധര്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നതായി പരാതി. അഞ്ചല്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് പാലത്തിന് സമീപമാണ് ചീട്ടുകളിയും മദ്യപാനവും പരിസരവാസികള്‍ക്ക് ശല്യമായത്.
മാസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ രാത്രിയിലെ ചീട്ടുകളിയും പരസ്യ മദ്യപാനവും കലാശിച്ചത് കഴിഞ്ഞ ദിവസം ഒരു മധ്യവയസ്‌കന്റെ മരണത്തിലാണ്.കരുകോണ്‍ പുല്ലാഞ്ഞിയോട് ലക്ഷംവീട് കോളനിയില്‍ ഉണ്ണി(48)യുടെ മരണത്തിന് കാരണമാക്കിയത്. മാസങ്ങളായി ഇവിടെ നടന്നുവന്ന പരസ്യ മദ്യപാനവും ചീട്ടുകളിയും തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായാണ് നാട്ടുകാര്‍ പറഞ്ഞത്. വൈകുന്നേരങ്ങളില്‍ തുടങ്ങുന്ന ചീട്ടുകളി അര്‍ധരാത്രിയായാലും സംഘം അവസാനിപ്പിച്ചിരുന്നില്ല. ചീട്ടുകളിയുടെ മറവില്‍ സാമൂഹ്യവിരുദ്ധ ശല്യവും വര്‍ധിച്ചതും നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചീട്ടുകളിക്കിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് ഉണ്ണി മരിച്ചത്. പണം വെച്ചുള്ള ചീട്ടുകളിയാണ് ഇവിടെ നടന്നു വന്നിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉണ്ണിയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി സംഭവസ്ഥലം ശാന്തമായ അവസ്ഥയിലാണ്. ഇപ്പോള്‍ ചീട്ടുകളിക്കുന്നതിനോ മദ്യപിക്കുന്നതിനോ ആരുംതന്നെ എത്താറില്ലെന്നത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. ചീട്ടുകളിക്കിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഉണ്ണി മരിച്ചതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുല്ലാഞ്ഞിയോട് കുന്നുംപുറത്ത് വീട്ടില്‍ കീരി എന്നു വിളിക്കുന്ന നസീറിനെ(42) ആണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കരുകോണ്‍ പുല്ലാഞ്ഞിയോട് പാലത്തിന് സമീപമാണ് ഉണ്ണിയുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്.
പണം വച്ചുള്ള ചീട്ടുകളിക്കിടെ വാക്കുതര്‍ക്കമുണ്ടായതാണ് കൈയേറ്റത്തില്‍ കലാശിച്ചതിന് കാരണമെന്നാണ് പറയുന്നത്. രാത്രി ബഹളമുണ്ടായതിനെ തുടര്‍ന്ന് സമീപവാസികള്‍ അഞ്ചല്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ബന്ധുക്കളെ വിവരമറിയിച്ച് മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്ന ഉണ്ണിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.അവശനിലയിലായിരുന്ന ഉണ്ണിയുടെ നില ഗുരുതരമാതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കയച്ചു. രണ്ട് ദിവസത്തോളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉണ്ണിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂലിവേല ചെയ്തു വന്നിരുന്ന ആളാണ് മരിച്ച ഉണ്ണി. ഇത്തരത്തില്‍ കരുകോണിലേയും സമീപ പ്രദേശങ്ങളിലേയും നിരവധി തൊഴിലാളികളാണ് ഈ മദ്യപ-ചീട്ടുകളി സംഘത്തില്‍ അകപ്പെട്ടിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇപ്പോള്‍ ചീട്ടുകളിയും മദ്യപാനവും അവസാനിച്ചിട്ടുണ്ടെങ്കിലും വീണ്ടും സജീവമാകാനുള്ള സാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. പോലീസിന്റെ രാത്രികാല പട്രോളിംഗ് ഇവിടെ ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

Latest