Connect with us

Thrissur

പട്ടാളം റോഡ് വികസനം യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

തൃശൂര്‍: പട്ടാളം റോഡിലെ വികസനത്തിന് തടസമായി നിന്നിരുന്ന ബി എസ ്എന്‍ എല്‍ സ്ഥലം വിട്ട് നല്‍കാനും പോസ്‌റ്റോഫീസ് കെട്ടിടം മാറ്റിപ്പണിയാനും അനുമതിയായി. പോസ്‌റ്റോഫീസ് കെട്ടിടം മാറ്റുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ മേയര്‍ രാജന്‍ പല്ലനവും സംഘവും കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി തപാല്‍ വകുപ്പുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ടത്.
തപാല്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അനില്‍കുമാറുമായി മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. വര്‍ഷങ്ങളായി തൃശൂരിന്റെ വികസനത്തിന് തടസമായി നില്‍ക്കുന്ന കെട്ടിടം മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറെ മേയര്‍ രാജന്‍ പല്ലനും സംഘവും ചെന്ന് കണ്ട് നടപടികള്‍ക്ക് തുടക്കമിട്ടു. പോസ്‌റ്റോഫീസ് നില്‍ക്കുന്ന 16.5 സെന്റ് സ്ഥലവും കെട്ടിടം പണിയാനുള്ള തുകയും കോര്‍പറേഷന്‍ നല്‍കും. പോസ്‌റ്റോഫീസ് പണിയുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമായി നിയമപ്രകാരം ആവശ്യമുള്ള കമ്മിറ്റിയെ രൂപവത്കരിക്കാനും തീരുമാനമായി. തിരുവനന്തപുരം പോസ്റ്റ് മാസ്റ്റര്‍ ജനറലിനെയാണ് കണ്‍വീനറായി നിയമിച്ചത്. ഈ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര അഡിഷനല്‍ സെക്രട്ടറി കല്‍പന തിവാരിക്ക് നല്‍കും. ഇദ്ദേഹത്തിന്റെ കുറിപ്പോടെ കേന്ദ്ര കാബിനറ്റില്‍ വെച്ചാണ് തീരുമാനം ഉണ്ടാകുക. 45 ദിവസത്തിനുള്ളില്‍ തന്നെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കെട്ടിടം മാറ്റുമ്പോള്‍ പോസ്‌റ്റോഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള സ്ഥലം വാടക കൂടാതെ കോര്‍പറേഷനില്‍ ഒരുക്കി കൊടുക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കി. കൂടാതെ 3500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം പണിയാനുള്ള തുകയും കെട്ടിവയ്ക്കും.
ബി എസ് എന്‍ എല്‍ ഓഫീസിന്റെ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം മേയറും സംഘവും ബി എസ് എന്‍ എല്‍ ചീഫ് മാനേജിംഗ് ഡയറക്ടറുടെ ചുമതലയുള്ള ജോണ്‍ തോമസിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ബി എസ്എന്‍ എല്‍ ഓഫീസിന് വശത്തുള്ള കോര്‍പറേഷന്റെ പാര്‍ക്കിംഗ് സ്ഥലം വിട്ടു നല്‍കിയാണ് പട്ടാളം റോഡ് വികസനം ഉറപ്പാക്കിയത്.
മേയറെ കൂടാതെ മുന്‍ മേയര്‍ ഐ പി പോള്‍, എം കെ വര്‍ഗീസ്, സി എസ് ശ്രീനിവാസന്‍, സെക്രട്ടറി കെ എം ബഷീര്‍എന്നിവരാണ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടതിനുശേഷം ഇന്നു തന്നെ തൃശൂരിലേക്ക് മടങ്ങാനാണ് തീരുമാനമെന്ന് മേയര്‍ പറഞ്ഞു.
പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് മേയറുടെ നേതൃത്വത്തില്‍ സംഘം ഡല്‍ഹിയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ടു ചര്‍ച്ച നടത്തിയത്.