Connect with us

Malappuram

ജില്ലയുടെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍

Published

|

Last Updated

മലപ്പുറം: ജില്ലയുടെ ടൂറിസം മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നു. അഭ്യന്തര സഞ്ചാരികളെയും വിദേശികളെയും ലക്ഷ്യമിട്ട് പ്രത്യേകം പദ്ധതികളാണ് തയ്യാറാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റ് സമ്മേളന ഹാളില്‍നാളെ രാവിലെ 10ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. പി ഉബൈദുള്ള എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ബിജു എന്നിവര്‍ പങ്കെടുക്കും. ഡി ടി പി സിയുടെ പുതിയ ലോഗോയും മുദ്രാവാചകവും ടൂറിസം മന്ത്രി പ്രകാശനം ചെയ്യും.
മികച്ച ടൂറിസം ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്യും. കോട്ടക്കല്‍ ആര്യവൈദ്യശാലയെയും മറ്റ് സ്വകാര്യ സംരംഭകരെയും ഉള്‍പ്പെടുത്തി ജില്ലയെ ആയുര്‍വേദ ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള കര്‍മ പരിപാടിക്ക് പരിപാടിയില്‍ തുടക്കമാകും. ഹോംസ്റ്റേ, സര്‍വീസ് വില്ല, ഫാം ടൂറിസം തുടങ്ങിയവയും വിപുലപ്പെടുത്തുന്നതിനുള്ള കര്‍മ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഗ്രാമീണ ജീവിതം വിദേശികള്‍ക്ക് അനുഭവസ്ഥമാക്കാന്‍ പര്യാപ്തമായ രീതിയിലുള്ള പ്രചാരണ പരിപാടികളും നടത്തും. ഇതിന്റെ ഭാഗമായി മണ്‍പാത്ര നിര്‍മാണം, കൊല്ലപ്പണി, സ്വര്‍ണപ്പണി തുടങ്ങിയവ വിദേശികള്‍ക്ക് നേരിട്ട് കാണാനുള്ള അവസരവുമൊരുക്കും.
ജില്ലയുടെ സാംസ്‌കാരിക മേഖല ആഭ്യന്തര ടൂറിസ്റ്റുകളില്‍ എത്തിക്കുന്നതിന് ആവശ്യമായ പ്രചരണ പരിപാടികളും നടത്തും. കോട്ടക്കുന്നിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയും നിലമ്പൂരിലേക്ക് കൂടുതല്‍ വിദേശികളെ എത്തിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കും. ജില്ലയിലുട നീളം പ്രചരണ ബോര്‍ഡുകള്‍, ബ്രോഷറുകള്‍, വിഡിയോ തുടങ്ങിയവ നിര്‍മിച്ച് പ്രചരണപരിപാടികള്‍ വിപുലമാക്കുമെന്ന് ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ പറഞ്ഞു.

 

Latest