Connect with us

Kozhikode

കായണ്ണ പഞ്ചായത്തിലെ ജീപ്പ് ഡ്രൈവര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് യു ഡി എഫ്‌

Published

|

Last Updated

പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ ജീപ്പ് ഡ്രൈവര്‍ നിയമനത്തിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് യു ഡി എഫ്. ഇന്റര്‍വ്യൂ ബോര്‍ഡിലെ സി പി എം പ്രതിനിധികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാര്‍ക്ക് നല്‍കി 25 വര്‍ഷങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചവരെ പിന്തള്ളി മൂന്ന് മാസം മുമ്പ് മാത്രം ലൈസന്‍സ് നേടിയ വ്യക്തിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് യു ഡി എഫ് കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ ആക്ഷേപം.
ഇത് വിവാദമായതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ മാര്‍ക്ക് തിരുത്തി ഇന്റര്‍വ്യൂവില്‍ വീണ്ടും കൃത്രിമം നടത്താന്‍ ശ്രമിച്ചതായും കമ്മിറ്റി കുറ്റപ്പെടുത്തി. ഒന്നാം റാങ്കുകാരന് ലഭിച്ച മാര്‍ക്കിനെക്കുറിച്ച് പരാതിയുയര്‍ന്നപ്പോള്‍ മറ്റൊരാള്‍ക്ക് നിയമനം നല്‍കിയിരിക്കയാണെന്നും കമ്മിറ്റി ആരോപിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എം ഋഷികേശന്‍ അധ്യക്ഷത വഹിച്ചു. കെ കെ നാരായണന്‍, ഐപ്പ് വടക്കെത്തടം, സി കെ ബിജു, പി പി ശ്രീധരന്‍ സംബന്ധിച്ചു.