Connect with us

Ongoing News

കൊല്‍ക്കത്തക്ക് രണ്ടാം ജയം

Published

|

Last Updated

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് തുടരെ രണ്ടാം ജയം. വടക്ക് കിഴക്കിന്റെ പ്രതിനിധികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്നലെ തോല്‍പ്പിച്ചത്. ഇന്ന് മത്സരമില്ല. ആദ്യ കളിയില്‍ മുംബൈ എഫ് സിയെ 3-0നും കീഴടക്കിയ അത്‌ലറ്റിക്കോ തികഞ്ഞ ഫോമിലാണ്. പത്ത് പേരുമായി മത്സരം പൂര്‍ത്തിയാക്കിയ അത്‌ലറ്റിക്കോ അവരുടെ ഗോളടി മികവിനൊപ്പം പ്രതിരോധ നിരയുടെ ശക്തിയും നോര്‍ത്ത് ഈസ്റ്റിനെതിരെ കാണിച്ചു തന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ടീം ഗോളൊന്നും വഴങ്ങിയിട്ടില്ല.
തുടരെ രണ്ടാം കളിയിലും സ്‌കോര്‍ ചെയ്ത എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രുവാണ് അത്‌ലറ്റിക്കോക്ക് ലീഡ് സമ്മാനിച്ചത്. പത്തൊമ്പതാം മിനുട്ടിലായിരുന്നു ഫിക്രുവിന്റെ മനോഹരമായ ഗോള്‍. മാര്‍ക്വു താരമായ ലൂയിസ് ഗാര്‍സിയ ബോക്‌സിനുള്ളിലേക്ക് ലോബ് ചെയ്തു കൊടുത്ത പന്ത് വിദഗ്ധമായി നെഞ്ചിലിറക്കിയ ഫിക്രു വലങ്കാല്‍ കൊണ്ട് ഒരു ഹാഫ് വോളിയുതിര്‍ത്തു. ടൂര്‍ണമെന്റിലെ മികച്ച ഗോളുകളില്‍ പെടുത്താവുന്ന ഒന്നായിരുന്നു ഇത്. ഗോളിന് വഴി തുറന്ന ഗാര്‍സിയയുടെ മിടുക്കും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിലെ ജോണ്‍ കാപ്‌ഡെവിയ പൊസിഷന്‍ തെറ്റി നില്‍ക്കുന്നത് മുതലെടുത്താണ് ഗാര്‍സിയ ഫിക്രുവിലേക്ക് അവിചാരിതമായി പന്തെത്തിച്ചത്. ഒത്തിണക്കത്തോടെ കളിച്ച ഫിക്രുവിന് അത് ഗോളാക്കാന്‍ സമയം വേണ്ടി വന്നില്ല. രണ്ടാം ഗോള്‍ തൊണ്ണൂറാം മിനുട്ടിലായിരുന്നു. പോഡിയാണ് സ്‌കോറര്‍. സഞ്ജു പ്രധാന്റെ വലത് വിംഗ് ക്രോസ് ബോള്‍ പിടിച്ചെടുത്ത പോഡി കരുത്തുറ്റ ഷോട്ടിലൂടെ വല കുലുക്കി.
ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെ ജയിച്ച നോര്‍ത്ത് ഈസ്റ്റിന് കൊല്‍ക്കത്തന്‍ കരുത്തിനെതിരെ പിടിച്ചു നില്‍ക്കാന്‍ പ്രയാസമായിരുന്നു. എണ്‍പത്തിനാലാം മിനുട്ടില്‍ ബോര്‍ഹ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അത്‌ലറ്റിക്കോ പത്ത് പേരായി ചുരുങ്ങി. ഇത് മുതലെടുക്കാന്‍ ഹോം ടീമിന് സാധിച്ചില്ലെന്ന് മാത്രമല്ല, ഒരു ഗോള്‍ കൂടി വഴങ്ങുകയും ചെയ്തു.

---- facebook comment plugin here -----

Latest