Connect with us

International

ഹോംങ്കോംഗില്‍ 45 പ്രതിഷേധക്കാര്‍ അറസ്റ്റില്‍; സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

Published

|

Last Updated

ഹോംങ്കോംഗ്: ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോംങ്കോംഗില്‍ ജനാധിപത്യ പ്രതിഷേധക്കാര്‍ക്ക് നേര പോലീസ് നടപടി ശക്തമാകുന്നു. 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കുരുമുളക് പൊടി സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. നിരായുധനായ പ്രതിഷേധക്കാരനെ പോലീസ് ആക്രമിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ ടി വി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. റോഡുകളില്‍ പ്രതിഷേധക്കാര്‍ തീര്‍ത്ത തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനിടക്കാണ് ആക്രമണമുണ്ടായത്. എന്നാല്‍ പ്രതിഷേധക്കാരനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യത്തില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് ഹോംങ്കോംഗ് സുരക്ഷാ സെക്രട്ടറി ലൈ തുംഗ് വോക് അറിയിച്ചു. പ്രതിഷേധക്കാരെ തുടച്ചുനീക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മേഖലയില്‍ സൈന്യത്തെ ഇറക്കുമതി ചെയ്യുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ചയായിട്ടുണ്ട്. സൈനികരെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നാണ് ബീജിംഗ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഹോംങ്കോംഗില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പൂര്‍ണ ജനാധിപത്യം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹോംങ്കോംഗ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. നില വില്‍ ബീജിംഗ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇത് നിര്‍ത്തലാക്കി തിരഞ്ഞെടുപ്പിലെ പൂര്‍ണ അധികാരം ഹോംങ്കോംഗിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ആഴ്ചകളായി തുടരുന്ന പ്രതിഷേധം കാരണം രാജ്യം നിശ്ചലമായ അവസ്ഥയിലാണ്.

Latest