Connect with us

Palakkad

ഭിന്നശേഷിയുള്ളവര്‍ക്കായി ബഡ്‌സ് സ്‌കൂള്‍ ഒരുങ്ങി

Published

|

Last Updated

ആലത്തൂര്‍: ‘ഭിന്ന ശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി പ്രാപ്തരാക്കുന്ന ബഡ്‌സ് സ്‌കൂള്‍ ഒരുങ്ങി. ആലത്തൂര്‍ പഞ്ചായത്ത് 32 ലക്ഷം രൂപ ചെലവഴിച്ചാണു സ്‌കൂള്‍ ഒരുക്കുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ നിന്ന് 26 പേര്‍ക്ക് പ്രവേശനം നല്‍കും. 18 വയസ്സിനു താഴെയുള്ളവര്‍ക്കാണ് ഇപ്പോള്‍ പ്രവേശനം. 2012-13 വര്‍ഷം പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഇതിന് വേണ്ടി കെട്ടിടം നിര്‍മിച്ചത്. ആയുര്‍കുളത്തിനു സമീപം അംഗന്‍വാടി, ആയുര്‍വേദ ആശുപത്രി, പകല്‍വീട്, വനിത ഹോസ്റ്റല്‍ എന്നിവയ്ക്കുവേണ്ടിയുള്ള കെട്ടിട സമുച്ചയത്തിലാണു സ്‌കൂള്‍ ആരംഭിക്കുന്നത്. രണ്ട് ക്ലാസ് മുറി, ഒരു ഹാള്‍, ഒരു ഡൈനിങ് ഹാള്‍ എന്നിവയോടു കൂടിയാണു കെട്ടിടം നിര്‍മിച്ചത്. രാവിലെ ബസില്‍ ഇവരെ സ്‌കൂളിലെത്തിക്കും. ഇതിനു വേണ്ടി 17 ലക്ഷം രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ വാഹനത്തിനും ഏഴ് ലക്ഷം രൂപ പഠനസാമഗ്രികളും ഫര്‍ണീച്ചര്‍ വാങ്ങുന്നതിനും വിനിയോഗിക്കും. ഭക്ഷണവും മരുന്നുകളും നല്‍കും. രണ്ട് അധ്യാപകരെയും നാല് ആയമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഒരു ഫിസിയോതെറപ്പിസ്റ്റിനെയും നിയമിക്കും. പഞ്ചായത്തിലെ അംഗന്‍വാടി പരിധിയില്‍ നിന്നാണു വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.
സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ 18 വയസ്സിനു മുകളിലുള്ളവരെയും പരിഗണിക്കും. ഇതിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാവുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.