Connect with us

Wayanad

അരിവാള്‍ രോഗം:നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളജില്‍ ഗവേഷണം നടത്തും: മന്ത്രി ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: നിര്‍ദ്ദിഷ്ട വയനാട് മെഡിക്കല്‍ കോളേജില്‍ അരിവാള്‍ രോഗത്തെക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കുമെന്ന് പട്ടികവര്‍ഗ്ഗ ക്ഷേമ -യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അരിവാള്‍ രോഗികള്‍ ഉള്‍പ്പെടുന്ന സംഘടനാ ഭാരവാഹികള്‍ നിരവധി ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച് ഭൂരഹിതരായ അരിവാള്‍ രോഗികള്‍ക്ക് ആദിവാസി ഭൂവിതരണത്തില്‍ മുന്‍ഗണന നല്‍കാനും തീരുമാനിക്കുകയും ടി.ആര്‍.ഡി.എം. അക്കൗണ്ടിലുള്ള അമ്പത് കോടി രൂപ ഉപയോഗിച്ച് ഒരേക്കര്‍ ഭൂമി വീതം നല്‍കാന്‍ വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുംചെയ്തു. അരിവാള്‍ രോഗികള്‍ക്കുശേഷം അടിയ, പണിയ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന.
ഡിഗ്രി കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയിന്മേല്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കും. ഇതിന്റെ ഭാഗമായി പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള മേഖലകളില്‍ ഏകജാലകം എടുത്തുമാറ്റി സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രണ്ടു ദിവസമായി നടന്ന ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തത്. ഇതനുസരിച്ച് മാനന്തവാടി ഗവ. കോളജിലും കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്‍മെന്റ് കോളജും 50 ശതമാനം സീറ്റ് പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് ലഭിക്കുന്നതിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഈ മേഖലയിലുള്ള കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പ്രവേശനം ഉറപ്പാക്കുന്നതിനാണ് നടപടി.
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 617 ആദിവാസികളില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയിട്ടുള്ള 447 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായമായി 2.5 ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. (സ.ഉ.(എം.എസ്.) നം.71/14/പജ.പവ.വിവ.). ഭൂസമരത്തില്‍ പങ്കെടുത്തവരോടൊപ്പമുണ്ടായിരുന്ന 44 കുട്ടികള്‍ക്ക് ഓരോ ലക്ഷം രൂപ ബാങ്കില്‍ അവരുടെയും രക്ഷകര്‍ത്താവിന്റെയും പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപമായി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവും സ.ഉ.(എം.എസ്.) നം.72/14/പജ.പവ.വിവ.) ഇന്നലെ പുറത്തിറങ്ങി.

Latest