Connect with us

Kasargod

വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച വികസന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
സെപ്തംബര്‍ വരെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 13.8 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഏറ്റവും അധികം 30 ശതമാനം തുക വിനിയോഗിച്ചിരുന്നുവെങ്കില്‍ മീഞ്ച പഞ്ചായത്ത് ഒരു ശതമാനത്തിലും താഴെയാണ് ചെലവാക്കിയിട്ടുള്ളത്. എട്ട് പഞ്ചായത്തുകള്‍ 20 ശതമാനത്തിലധികവും 12 പഞ്ചായത്തുകള്‍ 10 ശതമാനത്തില്‍ താഴെയുമാണ് തുക ചെലവഴിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്തുകള്‍ 14.6 ശതമാനം തുകയാണ് ചെലവഴിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റവും അധികം 22.6 ശതമാനം ചെലവഴിച്ചു. കാസര്‍കോട് ബ്ലോക്ക് ഏറ്റവും കുറവ് 2.5 ശതമാനം തുകയാണ് ചെലവഴിച്ചതെന്ന് യോഗം വിലയിരുത്തി. നീലേശ്വരം മുനിസിപ്പാലിറ്റി 14.5 ശതമാനവും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 13.6 ശതമാനവും കാസര്‍കോട് മുനിസിപ്പാലിറ്റി 13.9 ശതമാനവും തുക ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് 4.8 ശതമാനം തുകയാണ് ചെലവഴിച്ചിട്ടുള്ളത്. സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഈ മാസ 31നകം പൂര്‍ത്തീകരിക്കേണ്ടതാണ്. പാവപ്പെട്ടവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം, റോഡ് പ്രവൃത്തികള്‍ എന്നിവ കാലാവസ്ഥ പ്രതികൂലമായിതനാലും, ആവശ്യത്തിന് നിര്‍മാണ സാധനങ്ങള്‍ ലഭിക്കാത്തതുമൂലവും നിര്‍മാണ കാലാവധി നീട്ടിതരാന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.
കുമ്പഡാജെ, കുറ്റിക്കോല്‍ തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണസമിതികളുടെ തീരുമാനങ്ങള്‍ അനുസരിച്ച് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ട ജില്ലാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍നിന്നും വിട്ടു നിന്നതിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ആസൂത്രണ സമിതി അംഗങ്ങളായ കെ എസ് കുര്യാക്കോസ്, പി ജനാര്‍ദ്ദനന്‍ഫരീദാസെക്കീര്‍, എ ജാസ്മിന്‍, എം തിമ്മയ്യ, എ അബ്ദുറഹിമാന്‍, എജിസി ബശീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍, ത്രതിലപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.

 

Latest