Connect with us

Kasargod

മൈലാട്ടി ഡീസല്‍ നിലയം: സര്‍ക്കാര്‍ ബദല്‍ സംവിധാനം കാണണമെന്ന്

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ ഏക വൈദ്യുതി ഉത്പാദന കേന്ദ്രമായ മൈലാട്ടി ഡീസല്‍ നിലയം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കാസര്‍കോട് പ്രസ്‌ക്ലബ്ബും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സംവാദം ആവശ്യപ്പെട്ടു.
നിലയത്തില്‍ ബദല്‍ വൈദ്യുതി ഉത്പാദന സാധ്യത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൈലാട്ടി ഡീസല്‍നിലയം അടച്ചുപൂട്ടിയത് സംബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സംവാദം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഉത്തരകേരളത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാന്‍ സ്ഥാപിച്ച ഡീസല്‍ നിലയം പ്രവര്‍ത്തിപ്പിക്കാന്‍ കെ എസ് ഇ ബിയും കാസര്‍കോട് പവര്‍ കോര്‍പറേഷനും തമ്മില്‍ 2016 മെയ് 13 വരെ കരാറുണ്ട്. 21 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള നിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് നഷ്ടമാണെന്ന് പറഞ്ഞാണ് നിര്‍ത്തിയത്. രണ്ട് വര്‍ഷത്തോളമായി ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. ജില്ലയില്‍ ഉത്പാദനം നടന്നാലെ പ്രസരണം നഷ്ടം ഒഴിവാക്കി വൈദ്യുതിയെത്തിക്കാനാകൂ. കര്‍ണാടകയില്‍നിന്നും മറ്റുമെത്തിക്കുന്ന വൈദ്യുതിക്ക് പ്രസരണ നഷ്ടം കൂടുതലാണ്. നിലവിലുള്ള ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കണം. തിരുവനന്തപുരം- മൈലാട്ടി 440 കെ വി ലൈന്‍ സ്ഥാപിക്കണം.
കേരളത്തില്‍ 2220 ആകുമ്പോള്‍ 7780 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ കെടുതി കൂടുതല്‍ അനുഭവിക്കേണ്ടിവരിക വൈദ്യുതി പദ്ധതികളില്ലാത്ത മലബാറായിരിക്കും. ഇതിന് പരിഹാരം കാണാന്‍ പുതിയ വൈദ്യുതി പദ്ധതികള്‍ അടിയന്തരാവശ്യമാണ്. ചീമേനി താപനിലയമടക്കമുള്ള പദ്ധതികള്‍ ജനങ്ങളുടെ ആശങ്ക മാറ്റി നടപ്പാക്കാന്‍ നടപടിയുണ്ടാകണമെന്ന് സംവാദത്തില്‍ ആവശ്യമുയര്‍ന്നു.
സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുറഹ്മാന്‍, കെ ജെ ഇമ്മാനുവല്‍, എ ഷാഹുല്‍ഹമീദ്, യു നാഗരാജ് ഭട്ട്, പി സീതാംറാം, വി ലക്ഷ്മണന്‍, സദര്‍ റിയാസ്, എ കെ ശ്യാംകുമാര്‍, ഫാറൂഖ് കാസ്മി ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എസ് അന്‍വര്‍ സാദത്ത് സ്വാഗതവും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest