Connect with us

Articles

നടുവളച്ച് തളര്‍ന്നെത്തുന്നവര്‍ക്ക് നടുനിവര്‍ത്തിയൊന്നുറങ്ങാന്‍ പോലും

Published

|

Last Updated

ശുദ്ധവായു ലഭിക്കുന്ന, ഇടവേളകളില്‍ മഴയും വെയിലും വിരുന്നെത്തുന്ന കുന്നിന്‍ചെരുവുകള്‍…. ആര്‍ത്തുല്ലസിച്ച് തേയില കൊളുന്ത് നുള്ളുന്ന തൊഴിലാളികള്‍…. തോട്ടങ്ങള്‍ക്കരികെ ആധുനിക രീതിയിലുള്ള പാര്‍പ്പിടങ്ങള്‍… യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത, കോര്‍പറേറ്റ് മുതലാളിമാരുടെ വന്‍കിട തേയില കമ്പനികളുടെ പരസ്യചിത്രങ്ങളിലെ കൃത്രിമ കുന്നിന്‍ചെരുവുകളാണിത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ മനസ്സമാധാനത്തോട ശ്വാസമെടുക്കാന്‍ പോലും കഴിയാതെ നരകജീവിതം നയിക്കുന്ന പാടികളുടെ മുഖം മറച്ചുപിടിച്ച് തട്ടിക്കൂട്ടുന്ന പരസ്യങ്ങള്‍. ഈ മനുഷ്യരുടെ വിയര്‍പ്പില്‍ പൊതിഞ്ഞുകെട്ടുന്ന തേയിലപ്പൊടികളുടെ വില്‍പനക്കായി അണിയിച്ചൊരുക്കുന്ന പരസ്യത്തിലെത്തുന്നവരോ പരസ്യം കാണുന്ന നമ്മളോ ഈ യാഥാര്‍ഥ്യമറിയുന്നവരല്ല. കുന്നിന്‍മുകളില്‍ ചാടിയെത്തി തേയിലയുടെ മാറ്റുപറയുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കും ജോലിയെടുക്കാന്‍ മാത്രം ജനിച്ച് ലയങ്ങളില്‍ ജീവിച്ചു മരിച്ചു പോകുന്ന പാവം തൊഴിലാളികളെക്കുറിച്ചറിയില്ല. അവരാരും ഈ മനുഷ്യരെ അന്വേഷിക്കാറുമില്ല.
ഒരിക്കല്‍ തേയിലത്തോട്ടം തൊഴിലാളിയായി ലയത്തിലെത്തിയാല്‍ പിന്നീട് അവരുടെ അടുത്ത തലമുറയുടെ കൂടി ഭാഗധേയം അതോടെ നിര്‍ണയിക്കപ്പെടുകയായി. പണിയെടുക്കാന്‍ അടുത്ത തലമുറയെ പടച്ചു വിടാനും മിച്ചം വെച്ച് രക്ഷപ്പെടാതിരിക്കാനും സായിപ്പ് സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് ആധുനിക മുതലാളിയും സ്വീകരിക്കുന്നത്. പണിയെടുത്ത കൂലി മുഴുവനായും ഒരു കാലത്തും നല്‍കാതെ ഒന്നിനും തികയാത്തത് നാമമാത്രമായി നല്‍കി തൊഴിലാളിയെ പിടിച്ചു കെട്ടി ചൂഷണം ചെയ്യുന്നതാണ് തേയിലപ്പാടികളുടെ നടപ്പുരീതി.
കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ എന്നും കുന്നു പോലെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട് ഇടുക്കിയും വയനാടുമെല്ലാം. എന്നാല്‍ തങ്ങളുടെ അധ്വാനം കൊണ്ട് കുന്നിന്‍മുകളില്‍ പച്ചപ്പ് നട്ട തൊഴിലാളികള്‍ക്ക് ടൂറിസം കൊണ്ടോ ടൂറിസ്റ്റുകളെ കൊണ്ടോ ഒരു ഗുണവുമുണ്ടായില്ല. തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം കാണാനെത്തിയവരെ കൊണ്ട് മറ്റു ചിലര്‍ കാശുകാരായപ്പോഴും ആഴ്ചയില്‍ നേരത്തെ കിട്ടിയിരുന്ന ചിലവ് കാശു പോലും കിട്ടാത്തവരായി ഇവര്‍ മാറി. എവിടെ നിന്നൊക്കെയോ എത്തിയവര്‍ പണിതുയര്‍ത്തിയ റിസോര്‍ട്ടുകള്‍ തള്ളുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്ന പുറമ്പോക്കുകളില്‍ കഴിഞ്ഞുകൂടുകയാണിവര്‍.
മുതലാളിക്ക് വേണ്ടി നടുവളച്ച് തേയില നുള്ളിയെത്തുന്ന തൊഴിലാളിക്ക് നടുനിവര്‍ത്തിയൊന്ന് കിടന്നുറങ്ങാന്‍ കഴിയുന്ന സാഹചര്യമല്ല ലയങ്ങളിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ കൂരകളിലേക്ക് മുതലാളിമാര്‍ തിരിഞ്ഞു നോക്കാറേയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ലയങ്ങളില്‍ തൊഴിലാളി എങ്ങനെ കഴിയുന്നു എന്നത് അവരുടെ പ്രശ്‌നവുമല്ല. സ്വന്തമായി അറ്റകുറ്റപ്പണി നടത്താന്‍ പോലും പലയിടത്തും മാനേജ്‌മെന്റ് സമ്മതിക്കില്ല. പ്ലാന്റേഷന്‍ മേഖലയില്‍ വീടില്ലാത്തവര്‍ക്ക് സ്വന്തം വീട് നല്‍കുന്ന പദ്ധതിയുണ്ടെങ്കിലും അതുകൊണ്ടും ഇവര്‍ക്ക് രക്ഷയില്ല. പദ്ധതി നടപ്പാക്കാന്‍ തോട്ടം ഉടമകള്‍ സ്വന്തം പേരിലുള്ള പട്ടയഭൂമി വിട്ടുനല്‍കാന്‍ പോലും തയ്യാറായിട്ടില്ല. സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തേയിലത്തോട്ടങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് ജോയിന്റ് ലേബര്‍ കമ്മീഷനര്‍ രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. വിഷയം നിയമസഭയില്‍ ചര്‍ച്ചക്കു വന്നു. പക്ഷേ, പഠിക്കാമെന്ന പതിവു മറുപടിയില്‍ എല്ലാം ഒതുങ്ങി.
തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതിക്കു വേണ്ടി 2012-13ല്‍ അഞ്ച് കോടിയും 2013-14ല്‍ 20 കോടിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭവന ഫൗണ്ടേഷന്‍ കേരള എന്ന പേരില്‍ 2014 ജനുവരി 11ന് കമ്പനിയും രജിസ്റ്റര്‍ ചെയ്തു. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികളെ നിലനിര്‍ത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തൊഴിലുടമകളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് പുനലൂരിലെ കുളത്തുപുഴ എസ്‌റ്റേറ്റും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട് പ്ലാന്റേഷനും മാത്രമാണ് വീടിനു സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായത്. കേരളത്തിലെ മറ്റു തോട്ടം മുതലാളിമാരൊന്നും തങ്ങളുടെ തൊഴിലാളികള്‍ക്ക് വേണ്ടി പാട്ടഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ല. സര്‍ക്കാറിന്റെ പദ്ധതിയുണ്ടായിട്ടും കോടികളുടെ ഫണ്ട് ലഭ്യമായിട്ടും മുതലാളിമാര്‍ കനിയാത്തതിനാല്‍ ആയിരങ്ങളാണ് പാടിച്ചെരുവുകളിലെ ലയങ്ങളില്‍ ഇന്നും ദുരിതം പേറി ജീവിക്കുന്നത്. കന്നുകാലി തൊഴുത്തുകളേക്കാള്‍ പരിതാപകരമായ ഇന്നത്തെ ലയങ്ങളുടെ സ്ഥാനത്ത് രണ്ട് കിടപ്പുമുറിയും വരാന്തയും അടുക്കളയും കക്കൂസുമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയാണ് മുതലാളിമാര്‍ അട്ടിമറിച്ചിരിക്കുന്നത്. മുതലാളിയുടെ ഹുങ്കിന് മുന്നില്‍ തൊഴിലാളിക്ക് കിടപ്പാടം നിഷേധിച്ചപ്പോഴും വേണ്ടത്ര ശബ്ദം എവിടെ നിന്നും ഉയര്‍ന്നു കേട്ടില്ല. വന്യജീവികളുടെ സഞ്ചാര കേന്ദ്രമാണ് പല തോട്ടം മേഖലയും. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജീവന്‍ പണയം വെച്ചാണ് മുതലാളിക്കായി ദിനങ്ങളെണ്ണി കഴിയുന്നത്. തേയിലച്ചപ്പ് നുള്ളുന്ന യന്ത്രങ്ങളായി മാത്രം തൊഴിലാളികളെ കാണുന്ന മുതലാളിമാര്‍ക്ക് നേരം ഇരുട്ടിവെളുക്കുമ്പോള്‍ കുന്ന് കയറുന്ന തൊഴിലാളിയുടെ കണക്കെടുപ്പില്‍ മാത്രമാണ് കാര്യം.
അവര്‍ക്ക് പ്രായമാകുന്നതും രോഗമാകുന്നതുമൊന്നും തോട്ടമുടമക്ക് പ്രശ്‌നമല്ല. ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടാനുള്ള ഉദാരത പോലും അവര്‍ കാണിക്കുന്നില്ല. അവരെക്കുറിച്ച് നാളെ വായിക്കാം.