Connect with us

National

ഇന്ത്യയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതരുത്: ആഭ്യന്തര മന്ത്രി

Published

|

Last Updated

മനേസര്‍ (ഹരിയാന): ഇന്ത്യയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തി റോഡ് നിര്‍മിക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതിക്കെതിരെ ചൈനയുടെ ഭീഷണി നിറഞ്ഞ പ്രതികരണത്തിന് അതേസ്വരത്തില്‍ മറുപടി നല്‍കുകയായിരുന്നു ആഭ്യന്തര മന്ത്രി.
“ഇന്ന് ഒരാള്‍ക്കും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. ഞങ്ങള്‍ കരുത്തുറ്റ ശക്തിയാണ്” – ഹരിയാനയിലെ മനേസറില്‍ പരിപാടിക്കെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തവാംഗില്‍ മഗോ-തിംഗ്ബുവിലൂടെ അരുണാചല്‍ പ്രദേശിലെ ഛാങ്‌ലാങ് ജില്ലയിലെ വിജയനഗറിലേക്ക് മക്‌മോഹന്‍ രേഖയോട് ചേര്‍ന്ന് റോഡ് ശൃംഖല പണിയാനുള്ള ഇന്ത്യയുടെ പദ്ധതിയോടുള്ള ചൈനയുടെ രൂക്ഷമായ പ്രതികരണത്തെ കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് മന്ത്രി രാജ്‌നാഥ് സിംഗ് ഇപ്രകാരം പ്രതികരിച്ചത്. ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് സമാനമായാണ് ഇന്ത്യ റോഡ് പണിയാന്‍ ഉദ്ദേശിക്കുന്നത്. “ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ കിഴക്ക് ഭാഗത്തെ കുറിച്ച് ചില തര്‍ക്കങ്ങളുണ്ട്. ഇക്കാര്യത്തില്‍ അന്തിമമായൊരു തീര്‍പ്പുണ്ടാകുന്നത് വരെ, സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്ന ഒരു നടപടിയും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് “കരുതുന്നുവെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹോങ് ലി ബീജിംഗില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചൈന- ഇന്ത്യ അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിലും ജമ്മു കാശ്മീരിലും ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ 11 മുതല്‍ ലഡാക്കിലെ ചുമാറില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ ഭൂപ്രദേശത്ത് അഞ്ച് കിലോമീറ്ററോളം ഉള്ളിലായി റോഡ് പണിക്കുള്ള ഉപകരണങ്ങളുമായി ചൈനീസ് തൊഴിലാളികള്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ ഫഌഗ് മീറ്റ് നടത്തിയിരുന്നു.
അതിര്‍ത്തിയിലെ സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ ചൈനീസ് പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. ചൈനയുമായി പങ്കിടുന്ന 3488 കിലോ മീറ്റര്‍ അതിര്‍ത്തി പ്രദേശത്തെ നിലവിലുള്ള സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിലയിരുത്തിയിരുന്നു.