Connect with us

Gulf

ജൈറ്റെക്‌സ്: കേരള പവലിയന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

Published

|

Last Updated

ദുബൈ: ജൈറ്റെക്‌സില്‍ കേരളത്തിലെ ഇന്‍ഫോപാര്‍ക്കിന്റെ പവലിയന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യന്‍ വിഭാഗത്തില്‍ തിരക്കുള്ളതുമാണ് ഇന്‍ഫോപാര്‍ക്ക് പവലിയന്‍. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഇരുപതോളം ഐ ടി കമ്പനികളാണ് കൗണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. ഐ ടി മേഖലയിലെ സാധ്യതകളെ സംബന്ധിച്ചും ഇവര്‍ പരിചയപ്പെടുത്തുന്നു.
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സി ഇ ഒ. കെ ജി ഗിരീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഐ ടി കമ്പനികള്‍ ജൈറ്റെക്‌സില്‍ എത്തിയത്. ഓരോ ദിവസവും അന്വേഷകരുടെ എണ്ണം വര്‍ധിച്ച് വരുന്നതായി ഗിരീഷ് ബാബു വ്യക്തമാക്കി. ഇന്ത്യയില്‍ ഐ ടി മേഖലയില്‍ ഏറ്റവും സാധ്യത കൂടിയ സ്ഥലമാണ് കേരളം. ഐ ടി കമ്പനികള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നതാണ് കേരളത്തിലെ ഐ ടി മേഖലയിലെ വിജയ രഹസ്യം. കേരളത്തില്‍ കൂടുതല്‍ ഐ ടി പാര്‍ക്കുകള്‍ വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതല്‍ ഐ ടി കമ്പനികളെ ആകര്‍ഷിപ്പിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഐ ടി സംരംഭകര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് കേരളം. കൊച്ചി ഇന്‍ഫോ പാര്‍ക്ക്, ടെക്‌നോ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഐ ടി കമ്പനികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യമുണ്ടെന്നും ഗിരീഷ് പറഞ്ഞു.