Connect with us

Sports

യൂറോയില്‍ കൂട്ടത്തല്ല് 'കൊടി'യേറി

Published

|

Last Updated

ടിറാന: ഗ്രൗണ്ടിലേക്ക് പറന്നിറങ്ങിയ ഒരു രാഷ്ട്രീയ പതാകയെ ചൊല്ലി, 2016 യൂറോ യോഗ്യതാ റൗണ്ടില്‍ സെര്‍ബിയ-അല്‍ബേനിയ മത്സരം കൂട്ടത്തല്ലില്‍ കലാശിച്ചു. ഗ്രൗണ്ടിലെ “ബാള്‍ക്കന്‍ യുദ്ധത്തെ” തുടര്‍ന്ന് മത്സരം ഇംഗ്ലണ്ട് റഫറി മാര്‍ട്ടിന്‍ അറ്റ്കിന്‍സന്‍ റദ്ദാക്കി. യുവേഫ പിന്നീട് മത്സരം ഉപേക്ഷിച്ചതായി അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുവേഫ വ്യക്തമാക്കി. 41 മിനുട്ടില്‍ ഗോള്‍രഹിതമായി നില്‍ക്കുമ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
അല്‍ബേനിയന്‍ പതാക യന്ത്രസഹായത്തോടെ വാനിലുയര്‍ന്ന് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ സെര്‍ബിയന്‍ താരം പതാക പിടിച്ചെടുത്തിടത്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അല്‍ബേനിയയുടെ ചില ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി സെര്‍ബിയന്‍ താരങ്ങളെ ആക്രമിച്ചു. സെര്‍ബിയന്‍ ഒഫിഷ്യലുകളും സംഘട്ടത്തിന് തയ്യാറായതോടെ തെരുവുയുദ്ധം തന്നെ ഫുട്‌ബോള്‍ മൈതാനിയില്‍ അരങ്ങേറി.
കസേരകളെടുത്തായി മര്‍ദ്ദനം. എന്താണ് നടക്കുന്നതെന്നറിയാതെ പകച്ചു പോയ റഫറിയെ സുരക്ഷാഉദ്യോഗസ്ഥര്‍ വലയത്തിനുള്ളിലാക്കി. സെര്‍ബ് താരങ്ങളെയും പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു. ഗ്രൗണ്ടില്‍ നിന്ന് കുപ്പിയേറുമുണ്ടായി. അല്‍ബേനിയ പ്രധാനമന്ത്രി എഡി റാമയുടെ സഹോദരന്‍ ഒല്‍സി റാമയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വി ഐ പി ബോക്‌സില്‍ നിന്ന് ഡ്രോണിന്റെ സഹായത്തോടെ പതാക ഗ്രൗണ്ടിലേക്ക് പറത്തിയതിനാണ് അറസ്റ്റ്. എന്നാല്‍, ഇത്തരമൊരു അറസ്റ്റ് സംഭവിച്ചിട്ടില്ലെന്നും അഭ്യൂഹമാണെന്നും അല്‍ബാനിയ അഭ്യന്തര മന്ത്രി സെയ്മിര്‍ താഹിരി അറിയിച്ചു. ഇരുരാഷ്ട്രങ്ങളുംതമ്മിലുള്ള മത്സരത്തിന് ഏറെ വൈകാരികത കൈവരാറുണ്ട്. 2008 ല്‍ കൊസോവ സ്വാതന്ത്രമാകുന്നത് വരെ സെര്‍ബിയയും അല്‍ബേനിയയും തമ്മിലുണ്ടായ രാഷ്ട്രീയ വൈരം ഇന്നും മാറാതെ നില്‍ക്കുന്നു. അതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ഫുട്‌ബോള്‍ കളത്തിലെ കൂട്ടത്തല്ല്.
1999 ല്‍ കൊസോവോ പ്രദേശത്ത് അല്‍ബേനിയക്കാരെ തുരത്താന്‍ സെര്‍ബിയ 78 ദിവസം യുദ്ധം ചെയ്തിരുന്നു. 2008 ല്‍ കൊസോവോയെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. യു എസ് എയും യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിച്ചെങ്കിലും സെര്‍ബിയ ഇന്നും കൊസോവ സ്വതന്ത്രരാഷ്ട്രമാണെന്ന് അംഗീകരിക്കുന്നില്ല.
ഗ്രൂപ്പ് ഐയില്‍ അല്‍ബേനിയക്ക് രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റും ഒരു കളിയില്‍ നിന്ന് ഒരു പോയിന്റുമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ 1-0ന് ഡെന്‍മാര്‍ക്കിനെ മറികടന്നു. കഴിഞ്ഞ മത്സരത്തില്‍ അല്‍ബേനിയയോട് ഇതേ മാര്‍ജിനില്‍ പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ നേടിയ ഗോളിലാണ് ഇത്തവണ ജയം പിടിച്ചത്. ഇഞ്ചുറി ടൈമില്‍ ഡെന്‍മാര്‍ക്ക് പ്രതിരോധതാരത്തെയും ഗോളിയെയും ആകാശപ്പോരില്‍ കീഴടക്കിയ ക്രിസ്റ്റ്യാനോ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ നേടി. തൊണ്ണൂറ്റി നാലാം മിനുട്ടിലായിരുന്നു ഗോള്‍. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഡെന്‍മാര്‍ക്കിന് നാല് പോയിന്റുണ്ട്.
ഗ്രൂപ്പ് ഡി: ജര്‍മനിയെ തളച്ചു
മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ജോണ്‍ ഓഷിയയുടെ ഗോളില്‍ അയര്‍ലന്‍ഡ് 1-1ന് ജര്‍മനിയെ തളച്ചു. ലോകകപ്പ് ജേതാക്കളായ ജര്‍മനി കഴിഞ്ഞ മത്സരത്തില്‍ പോളണ്ടിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റിരുന്നു.
ആദ്യ പകുതി ഗോള്‍ രഹിതം. ലീഡെടുത്ത ജര്‍മനിയെ ഐറിഷ് പട ഓഷിയയുടെ ഗോളില്‍ ശരിക്കും ഞെട്ടിച്ചു. ടോണി ക്രൂസിന്റെ ഗോളില്‍ എഴുപത്തൊന്നാം മിനുട്ടിലായിരുന്നു ജര്‍മനി ലീഡെടുത്തത്.
പൊരുതിക്കളിച്ച അയര്‍ലന്‍ഡ് കളി തീരാന്‍ മിനുട്ടുകള്‍ ശേഷിക്കെ വല കുലുക്കി. ജോക്വം ലോയുടെ ലോകകപ്പ് നിരയില്‍ നിന്ന് ഫിലിപ് ലാമിനെ പോലുള്ള പ്രമുഖര്‍ കളം വിട്ടത് നിഴലിച്ചു കൊണ്ടിരിക്കുന്നു.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് 2-2ന് സ്‌കോട്‌ലന്‍ഡുമായി സമനിലയായി.
ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ജോര്‍ജിയ യോഗ്യതാ റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏഴ് പോയിന്റ് വീതമാണ് പോളണ്ടിനും അയര്‍ലന്‍ഡിനും. ഗോള്‍ ശരാശരിയിലെ മുന്‍തൂക്കത്തില്‍ പോളണ്ട് മുന്നിട്ട് നില്‍ക്കുന്നു.

ഗ്രൂപ്പ് എഫ്: വടക്കന്‍ ഐറിഷ് കുതിക്കുന്നു
ഗ്രീസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി വടക്കന്‍ അയര്‍ലാന്‍ഡ് ഗ്രൂപ്പില്‍ മൂന്നാം ജയം സ്വന്തമാക്കി. ഒമ്പത് പോയിന്റോടെ ഐറിഷ് പട തന്നെയാണ് മുന്നില്‍.
ഒമ്പതാം മിനുട്ടില്‍ ജാമി വാര്‍ഡാണ് ആദ്യ ഗോള്‍ നേടിയത്. ഒലിവര്‍ നോര്‍വുഡിന്റെ കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. മധ്യനിരയിലൂടെ പന്തുമായി കുതിച്ച് കൈല്‍ ലാഫെര്‍ടി നേടിയ മനോഹരമായ ഗോളില്‍ അയര്‍ലാന്‍ഡ് ജയമുറപ്പാക്കി. ഹംഗറി 1-0ന് ഫറോ ഐലന്‍ഡിനെയും റുമാനിയ 2-0ന് ഫിന്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു.

ഗ്രൂപ്പ് ഇ: സ്വിസിന് ആദ്യ ജയം
സാന്‍ മാരിനോയെ മടക്കമില്ലാത്ത നാല് ഗോളുകള്‍ക്ക് കശക്കി സ്വിറ്റ്‌സര്‍ലാന്‍ഡ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കി. ഹാരിസ് സെഫെറോവിച് (10,24 മിനുട്ട്) ഇരട്ട ഗോളുകള്‍ നേടി. ഗലാത്‌സരെ മിഡ്ഫീല്‍ഡര്‍ ബ്ലെറിം സെമെയ്‌ലി, ഷാഖിരി എന്നിവര്‍ പട്ടിക തികച്ചു. ഫിഫ റാങ്കിംഗില്‍ 208താം സ്ഥാനത്തുള്ള സാന്‍ മാരിനോ പൂജ്യം പോയിന്റോടെ ഏറ്റവും പിറകില്‍ തുടരുന്നു. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റോടെ ഇംഗ്ലണ്ടാണ് മുന്നില്‍.

 

Latest