Connect with us

Malappuram

പരിശീലനവുമായി മലപ്പുറത്തിന്റെ മണ്ണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം

Published

|

Last Updated

മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് പരാജയപ്പെട്ടെങ്കിലും ചെന്നെയിലെ ചൂടേറിയ കാലാവസ്ഥയില്‍ നടക്കുന്ന അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ടീം സമാന കാലാവസ്ഥയുളള മഞ്ചേരിയിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ 29 അംഗ സംഘമാണ് പ്രത്യേകം സജ്ജീകരിച്ച വോള്‍വോ വാഹനത്തില്‍ പരിശീല നത്തിനെത്തിയത്.
കോച്ച് ടൈവര്‍ ജെയിംസ് മോര്‍ഗന്‍, മാനേജരും ടീമിന്റെ ഗോള്‍ കീപ്പറുമായ ഇംഗ്ലണ്ട് താരം ഡേവിഡ് ബഞ്ചമിന്‍ ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് വൈകിട്ട് നാലരയോടെ ടീം പരിശീലനത്തിനിറങ്ങിയത്. രണ്ട് മണിക്കൂര്‍ നേരത്തെ തീവ്രപരിശീലനത്തിന് ശേഷമാണ് ടീം താമസ്ഥലമായ പുലാമന്തോള്‍ എമറാള്‍ഡ് ഹെറിറ്റേജിലേക്ക് മടങ്ങിയത്. പെട്ടെന്നായതിനാല്‍ ടീം വന്നുപോയത് കൂടുതല്‍ പേരറിഞ്ഞില്ല. വാട്‌സ് അപ്പില്‍ ചിത്രങ്ങള്‍ പ്രചരിച്ച് കൂടുതല്‍ പേര്‍ എത്തിയപ്പോഴേക്കും ടീം സ്ഥലം വിടുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് താരവും ഇന്ത്യന്‍ വംശജനായ മൈക്കല്‍ ചോപ്ര, ബ്രസീലിന്റെ പെന്‍ഡ്രോ ഗുസ്മാവോ, ഇര്‍വിന്‍ സ്പിറ്റ്‌സനര്‍, ഓസ്ട്രേലിയയുടെ ആന്‍ഡ്രു ബിരിസിച്ച്, കാനഡയുടെ ഇയാന്‍ഹ്യൂം, സ്‌കോട്‌ലന്റിന്റെ ജാമിക്ക് അലിസ്റ്റര്‍, അയര്‍ലന്റിന്റെ കോളിംഗ് ഫാല്‍വി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ നിര്‍മ്മല്‍ ഛേത്രി, ഈസ്റ്റ് ബംഗാള്‍ താരം മഫ്താബ് ഹുസൈന്‍, ഗോവന്‍ താരങ്ങളായ ഗോഡ്വിന്‍ ഫ്രാങ്കോ, ലൂയിസ് ബരേറ്റോ, മില്ലാ ഗ്രേസ്, മണിപ്പുര്‍ താരം റെനഡിസിംങ്, ബംഗാളി ഗോള്‍ കീപ്പര്‍ സന്ദീപ് നന്തി, ഇന്‍സാംങ് ബൂട്ടിയ, മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ്, മലയാളി താരങ്ങളായ സുശാന്ദ് മാത്യു, സി എസ് സബീത്ത് എന്നിവരും പരിശീലനത്തിനിറങ്ങി. അടുത്ത മത്സരം ഏറെ നിര്‍ണ്ണായകമാണ്.
പരിശീലന മത്സരങ്ങളെല്ലാം ജയിച്ച കേരള ടീമിന് പക്ഷേ, ആദ്യമത്സരത്തില്‍ ആ പ്രകടനം പുറത്തെടുക്കാനായില്ല. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും എതിരാളിയുടെ ഗോള്‍വല ചലിപ്പിക്കാനാകാഞ്ഞതാണ് വിനയായത്. മികച്ച ടീമാണ് തങ്ങളുടേതെന്നും വരുംമത്സരങ്ങളില്‍ കരുത്തറിയിക്കുമെന്നുംടീം മാനേജര്‍ ഡേവിഡ് ബഞ്ചമിന്‍ ജെയിംസ് പറഞ്ഞു. കൂടുതല്‍ കെട്ടുറപ്പോടെ കളിക്കാന്‍ ടീമിനെ സജ്ജമാക്കുകയാണ്. അദ്യ മത്സരത്തില്‍ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയെന്ന് വരില്ല. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നതോടെ ടീം കൂടുതല്‍ സെറ്റാകും. ഇതിനുവേണ്ടിയാണ് ഇപ്പോഴുളള ശ്രമം. വ്യത്യസ്ത ഗ്രൗണ്ടുകളില്‍ പരിശീലനത്തിനിറങ്ങുന്നത് ഇതിനാലാണ്. ചെന്നൈ എഫ് സിയുമായാണ് അടുത്തമത്സരം.
അവിടത്തെ ചൂടേറിയ കാലാവസ്ഥയില്‍ കളിക്കാന്‍ ടീമിനെ പാകപ്പെടുത്താനാണ് മഞ്ചേരിയിലെത്തിയത്. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന് പുത്തനുണര്‍വാകും. പയ്യനാട് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. പ്രകൃതിഭംഗിക്കൊണ്ടും നിലവവാരം കൊണ്ടും സ്റ്റേഡിയം മികച്ചതാണ്. എന്നാല്‍ താമസ സൗകര്യത്തിന്റെ അഭാവം പ്രശ്‌നമാണ്. ടീം അധികൃതരുമായുളള ചര്‍ച്ചക്ക് ശേഷമാകും തുടര്‍ന്നുളള പരിശീലന കേന്ദ്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുകയെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest