Connect with us

Kozhikode

വായിക്കുന്നവര്‍ സംസ്‌കാരത്തിലും സമ്പന്നര്‍: എം ടി

Published

|

Last Updated

കോഴിക്കോട്: വായിക്കുന്നവര്‍ ഭാഷയില്‍ മാത്രമല്ല സംസ്‌കാരത്തിലും സമ്പന്നരായി മാറുമെന്ന് എം ടി വാസുദേവന്‍ നായര്‍. വായന എന്നത് മറ്റൊരു അസ്തിത്വമാണ് നല്‍കുന്നത്. വായനയോളം സുഖമുള്ള മറ്റൊരു പ്രവൃത്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ “അക്ഷരയാത്ര”യുടെ മലബാര്‍ മേഖലാ ഉദ്ഘാടനം ആഴ്ചവട്ടം ഗവ. ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം ടി.
വായന മരിക്കുന്നു എന്ന മുറവിളിക്ക് അടിസ്ഥാനമില്ല. കുട്ടികള്‍ക്ക് വായനയില്‍ താത്പര്യമുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും എം ടി പറഞ്ഞു.
കുട്ടികള്‍ ടെലിവിഷന് മുന്നില്‍ ഇരിക്കുകയാണെന്ന തോന്നല്‍ എല്ലാവരിലുമുണ്ട്. അതിന്റെ പേരില്‍ അവര്‍ പഴികേള്‍ക്കുന്നു. അവരെ വിലക്കേണ്ടതില്ല. എന്നാലും കുട്ടികളിലെ വായനാതാത്പര്യം നഷ്ടപ്പെടില്ല. കുട്ടികളിലേക്ക് പുസ്തകം എത്തിക്കേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചുമതലയാണ്. ഭാഷയോടും മലയാളത്തിലെ കൃതികളോടും കുട്ടികള്‍ക്ക് ആദരവ് വേണം. ഏതെങ്കിലും ഒരു ഭാഷ മഹത്തരമോ മറ്റേത് താഴ്ന്നതോ അല്ല. ഹ്രസ്വമായ ചരിത്ര പാരമ്പര്യമേ ഉള്ളൂവെങ്കിലും വലിയ സ്ഥാനം നേടിയെടുത്ത ഭാഷയാണ് മലയാളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കവി പി പി ശ്രീധരനുണ്ണിയെ എം ടി വാസുദേവന്‍ നായര്‍ പൊന്നാട അണിയിച്ചു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഭരണസമിതി അംഗം എം ചന്ദ്രപ്രകാശ് വിതരണം ചെയ്തു. ഭരണസമിതി അംഗങ്ങളായ രാജു കാട്ടുപുനം, ഹരിദാസ് മൊകേരി, വി പി ഷറഫന്നുസ, ആര്‍ എം എസ് എ പ്രൊജക്ട് ഓഫിസര്‍ ഡോ. ടി കെ അബ്ബാസ് അലി, ഡി പി ഒ. കെ വത്സന്‍, ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ കെ ടി ജയപ്രഭ, പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷുഹൈബ്, രമേശ് കാവില്‍ പ്രസംഗിച്ചു. ഭരണസമിതി അംഗം ഷൈബിന്‍ നന്മണ്ട സ്വാഗതവും കെ പി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് വില്‍പ്പനക്ക് എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളെല്ലാം പകുതി വിലക്ക് ലഭിക്കും.
ആഴ്ചവട്ടം സ്‌കൂളിലെ പ്രദര്‍ശനം സമാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അക്ഷരയാത്ര പേരാമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തും. ഈ മാസം 20, 21 തീതികളില്‍ അത്തോളി ഗവ. ഹൈസ്‌കൂളിലും 23, 24 തീയതികളില്‍ എം ഇ എസ് ഹൈസ്‌കൂളിലും 27, 28 തീയതികളില്‍ മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂളിലും അക്ഷരയാത്ര എത്തും.

---- facebook comment plugin here -----

Latest