Connect with us

Kozhikode

എയ്ഡ്‌സ് ബോധവത്കരണ, പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തും

Published

|

Last Updated

കോഴിക്കോട്: ജില്ലാ എച്ച് ഐ വി എയ്ഡ്‌സ് നിയന്ത്രണ പ്രതിരോധ സമിതിയുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
വിവിധ വകുപ്പുമായി ചേര്‍ന്ന് എച്ച് ഐ വി ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി. എച്ച് ഐ വി ബാധിതരെ യഥാസമയം കണ്ടെത്തി ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരോട് നിര്‍ദേശിച്ചു.
അലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സാ രീതികള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ആശുപത്രി വികസന സൊസൈറ്റികളുമായി ചേര്‍ന്ന് പണച്ചെലവുള്ള സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ സൗജന്യമാക്കാന്‍ നടപടി സ്വീകരിക്കും. പോലീസുമായി സഹകരിച്ച് എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. എ പി എല്‍ വിഭാഗത്തില്‍പ്പെട്ട രോഗബാധിതരെ ബി പി എല്‍ കാര്‍ഡിലേക്ക് മാറ്റാന്‍ നടപടിയെടുക്കും.
പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. സ്വയം തൊഴില്‍ കണ്ടെത്താന്‍ പരിശീലനവും ധനസഹായവും നല്‍കും. പദ്ധതി വിജയത്തിന് വിവിധ എന്‍ ജി ഒ കളെ പരിപാടിയുമായി സഹകരിപ്പിക്കും.
പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത മറികടക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്, വിവിധ സര്‍വീസ് സംഘടനകള്‍ എന്നിവയെ പരിപാടിയുടെ ഭാഗമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം, എച്ച് ഐ വി എയ്ഡ്‌സ് ജില്ലാ പ്രോഗ്രാം മാനേജര്‍ സാദിഖ് കോട്ടക്കല്‍ പ്ര സംഗിച്ചു. പോലീസ്, ആരോഗ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.