Connect with us

Kozhikode

സേവനാവകാശത്തിന് പ്രത്യേക അപേക്ഷ വേണ്ട

Published

|

Last Updated

കോഴിക്കോട്: വിവരാവകാശത്തിന് പിറകെ സേവനാവകാശ നിയമവും വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് സമൂഹത്തോട് നിര്‍ബന്ധിത ഉത്തരവാദിത്വം വന്നിരിക്കുകയാണെന്ന് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ലളിത് ബാബു അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വടകരയിലും കൊയിലാണ്ടിയിലും നടത്തിയ സേവനാവകാശ നിയമ ശില്‍പ്പശാലയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഈ രണ്ട് നിയമങ്ങള്‍ക്ക് പിറകെ കേള്‍ക്കാനുള്ള അവകാശ നിയമം വരാനിരിക്കുകയാണ്. കൂടുതല്‍ ശിക്ഷണ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സേവനാവകാശ നിയമവും ആലോചനയിലാണ്. ഇതിനകം കേരളമുള്‍പ്പടെ 19 സംസ്ഥാനങ്ങളില്‍ നിലവിലുള്ള സേവനാവകാശ നിയമങ്ങള്‍ ഏകീകരിക്കാനാണ് കേന്ദ്ര നിയമം പരിഗണിക്കുന്നത്. പല ഉദ്യോഗസ്ഥരും ധരിച്ചിരിക്കുന്നത് വിവരാവകാശം പോലെ സേവനാവകാശത്തിലും പ്രത്യേക അപേക്ഷ വേണമെന്നാണ്. ഓരോ ഓഫീസിലും ദൈനംദിനം നല്‍കി വരുന്ന സേവനങ്ങള്‍ സേവനാവകാശത്തിന്റെ പരിധിയിലാണ്. എന്നാല്‍ വിവരാവകാശത്തില്‍ അപേക്ഷിച്ചാല്‍ മാത്രമേ വിവരം നല്‍കേണ്ടതുള്ളു.
വിവരാവകാശനിയമത്തിന് ഏതു വിവരവും ഏത് പൗരനും ചോദിക്കാമെങ്കില്‍ സേവനാവകാശത്തില്‍ സേവനം ലഭിക്കേണ്ട വ്യക്തിക്കു മാത്രമേ സേവനം നിഷേധിച്ചാല്‍ അപ്പീല്‍ നല്‍കാന്‍ അര്‍ഹതയുള്ളൂവെന്നും ലളിത് ബാബു പറഞ്ഞു. വടകര താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. വടകര തഹസില്‍ദാര്‍ എന്‍ എം പ്രേംരാജ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല ഐ ആന്‍ഡ് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ടി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി തഹസില്‍ദാര്‍ സജീവ് ദാമോദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഡെപ്യൂട്ടി തഹസില്‍ദാരായ വി എന്‍ ദിനേശ്കുമാര്‍, കെ എ മോഹന്‍ കുമാര്‍, പി പ്രേമന്‍, അഡീഷനല്‍ തഹസില്‍ദാര്‍ കെ രവീന്ദ്രന്‍ പ്രസംഗിച്ചു.

Latest