Connect with us

International

മസ്ജിദുല്‍ അഖ്‌സയില്‍ നിരവധി ഫലസ്തീനികളെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തു

Published

|

Last Updated

ജറുസലം : അല്‍അഖ്‌സ പള്ളിയിലെത്തുന്നവര്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ ജറുസ ലമില്‍ ഇസ്‌റാഈല്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റതായും നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായും പോലീസ് വക്താവ് ലുബ സാമ്രി പറഞ്ഞു. പള്ളിക്കവാടത്തില്‍ തടിച്ചുകൂടിയ 400 ഓളം ഫലസ്തീനികള്‍ക്ക് നേരെ പോലീസ് ഗ്രനേഡുകള്‍ ഉപയോഗിച്ചതായി എ എഫ് പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പള്ളി മൈതാനത്തെത്തുന്നവര്‍ക്ക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. 50 വയസ്സിലധികം പിന്നിട്ടവരെ മാത്രമേ മൈതാനത്ത് കടക്കാന്‍ അനുവദിക്കുന്നുള്ളു. മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യസ്ഥലമായി കണക്കാക്കുന്ന ഇവിടെ തിങ്കളാഴ്ചയും പ്രാര്‍ഥനക്കെത്തിയ ഫലസ്തീനികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായിരുന്നു. ജൂതന്‍മാരും ഇതിനെ വിശുദ്ധ സ്ഥലമായാണ് കാണുന്നത്.
പ്രശ്‌നസാധ്യത കണക്കിലെടുത്ത് ജൂതരെയും ഇവിടെ പ്രാര്‍ഥനക്ക് അനുവദിച്ചിരുന്നില്ല. അതേസമയം, ഇന്നലെയും നൂറിലധികം ഇസ്‌റാഈലികള്‍ക്കും ഇവര്‍ക്കൊപ്പമെത്തിയ വിദേശ ടൂറിസ്റ്റുകള്‍ക്കും പള്ളിക്ക് പുറത്തെ മൈതാനത്തില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. കഴിഞ്ഞ ദിവസവും ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥിക്കുന്നതിന് പ്രവേശം നിഷേധിച്ച ഇസ്‌റാഈല്‍ പോലീസ്, ജൂതര്‍ക്ക് ഇവിടേക്ക് കടക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പള്ളിമൈതാനം മുസ്‌ലിംകളുടെ മാത്രം വിശുദ്ധസ്ഥലമാണെന്ന് ജറുസലമിലെ ഗ്രാന്റ് മുഫ്തി മുഹമ്മദ് ഹുസൈന്‍ ചൂണ്ടിക്കാട്ടി.

Latest