Connect with us

International

ബി ബി സി വെബ്‌സൈറ്റ് ചൈന ബ്ലോക് ചെയ്തു

Published

|

Last Updated

ബീജിംഗ്: ബി ബി സി വാര്‍ത്താ ഏജന്‍സിക്ക് ചൈനയില്‍ ബ്ലോക്ക്. ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോംങ്കോംഗില്‍ പോലീസ് പ്രക്ഷോഭകനെ അടിക്കുന്ന വീഡിയോ ദൃശ്യം ബി ബി സിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ബ്ലോക്ക് ചെയ്തത്. 2010ന് ശേഷം ആദ്യമായിട്ടാണ് ചൈനയില്‍ പൂര്‍ണമായും ബി ബി സിയെ ബ്ലോക്ക് ചെയ്യുന്നത്. 1999 മുതല്‍ ബി ബി സിയുടെ ചൈനീസ് ഭാഷയിലുള്ള സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.
ചൈനയെ അവഹേളിക്കുന്ന ഒന്നും ബി ബി സി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഏഷ്യ ബ്യൂറോ മേധാവി ജോ ഫ്‌ലോട്ടോ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ചൈനയില്‍ ബി ബി സിയുടെ സൈറ്റ് ബ്ലോക്ക് ചെയ്തത് ആന്റീസെന്‍സര്‍ഷിപ്പ് സ്ഥാപകന്‍ ചാര്‍ലീ സ്മിത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ടി വിയിലും ഇന്റര്‍നെറ്റിലും കടുത്ത നിയന്ത്രണങ്ങളാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് വിമര്‍ശമുയര്‍ന്നു. മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബോയുടെയും പ്രസിഡന്റ് സി ജിന്‍പിംഗിന്റെയും കുടുംബസ്വത്തുമായി ബന്ധപ്പെട്ട അന്വേഷണം 2012ല്‍ വാര്‍ത്തയാക്കിയതിന് ന്യൂയോര്‍ക്ക് ടൈംസിന്റെയും ബ്ലൂബര്‍ഗിന്റെയും സൈറ്റുകള്‍ ചൈന ബ്ലോക്ക് ചെയ്തിരുന്നു.
ചൈനീസ് നിയന്ത്രണത്തിലുള്ള ഹോംങ്കോംഗില്‍ പൂര്‍ണ ജനാധിപത്യം ആവശ്യപ്പെട്ട് ഉയര്‍ന്നുവന്ന ജനാധിപത്യ പ്രക്ഷോഭം ശക്തമായതോടെയാണ് ചൈനീസ് ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് വിഭാഗം സൈറ്റുകളില്‍ പിടിമുറുക്കിയത്. ഫേസ് ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈറ്റുകളിലേക്ക് ഫോട്ടോകളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആറ് പോലീസുകാര്‍ ചേര്‍ന്ന് നിരായുധനായ പ്രക്ഷോഭകനെ കൈയ്യേറ്റം ചെയ്യുന്നതാണ് ബി ബി സി പുറത്തുവിട്ട വീഡിയോയിലുള്ളത്. ഇത് ഹോംങ്കോംഗ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തതോടെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അഭിഭാഷകരും സന്നദ്ധ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോ പ്രസിദ്ധീകരിച്ച സി എന്‍ എന്‍ വെബ്‌സൈറ്റ് അധികൃതര്‍ ബ്ലോക്ക് ചെയ്തിട്ടില്ല.

Latest