Connect with us

International

അമേരിക്കയില്‍ ഒരാളില്‍ കൂടി എബോള ലക്ഷണം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും എബോള കേസ് സ്ഥിരീകരിച്ചു. ടെക്‌സാസിലെ ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് ടെസ്റ്റില്‍ എബോള വൈറസ് ബാധയേറ്റതായി വ്യക്തമായത്. ലൈബീരിയയില്‍ എബോള ബാധിതരായവരെ പരിചരിച്ച ഒരു നഴ്‌സിനാണ് പുതുതായി വൈറസ് ബാധിച്ചതെന്ന് അമേരിക്കയിലെ ആരോഗ്യ സുരക്ഷാ വിഭാഗം പറഞ്ഞു. ഈ മാസം തുടക്കത്തില്‍, എബോള വൈറസ് ബാധിച്ച് അമേരിക്കയിലെ ദള്ളാസ് ആശുപത്രിയില്‍ വെച്ച് ഒരാള്‍ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചെറിയ പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ രോഗിയെ ആരോഗ്യ പ്രവര്‍ത്തകര്‍ അഭിമുഖം നടത്തി കൂടുതല്‍ പേരിലേക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കും. ഇദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിരുന്നവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ തന്നെ ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. അതേസമയം, രണ്ടാമതൊരാള്‍ക്ക് കൂടി വൈറസ് ബാധിച്ച വാര്‍ത്തകളെ തള്ളിക്കളഞ്ഞ് അമേരിക്കയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. മൊത്തം 8,914 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇവരില്‍ 4,447 പേര്‍ ഇതുവരെ മരിച്ചു.
എബോള നമ്മുടെ മുമ്പില്‍ അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണെന്നും ഈ മത്സരത്തില്‍ വൈറസിനാണ് വിജയമെന്നും യു എന്‍ എബോള നിര്‍മാര്‍ജന സംഘം മേധാവി ആന്റണി ബാന്‍ബറി പറഞ്ഞു.