Connect with us

Kozhikode

മാധ്യമപ്രവര്‍ത്തകര്‍ സ്വയം വിലയിരുത്തലിന് തയ്യാറാകണം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Published

|

Last Updated

കോഴിക്കോട്: സ്വയം വിലയിരുത്തലിനും ആത്മനിയന്ത്രണത്തിനും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് പ്രമുഖ മാധ്യമ വിമര്‍ശകനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലെ ജി വേണുഗോപാല്‍, സി സുധാകരന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രസമൂഹം എന്നത്തേക്കാളുമുപരി ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇന്നുള്ളത്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം അസാധ്യമാകുന്ന നീക്കങ്ങളാണ് ഭരണകൂടങ്ങള്‍ നടത്തുന്നത്. എല്ലാ ഭരണകൂടങ്ങളും സ്വതന്ത്ര പത്രപ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണ നീക്കങ്ങള്‍ പല രൂപത്തിലും ഇന്നും നിലനില്‍ക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ പൊരുതുന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം.
സ്വന്തം മാധ്യമസ്ഥാപനം നിലനിര്‍ത്തുക എന്നതാണ് ആദ്യ മാധ്യമധര്‍മം. വായനക്കാരുടെയും പ്രേക്ഷകരുടെയും എണ്ണം കൂട്ടുന്നതിനിടയില്‍ വായനക്കാരെ മറന്നുപോകുന്നു. സനാതന മാധ്യമ ധര്‍മത്തില്‍ നിന്നുള്ള വ്യതിയാനമാണിത്.
മത്സരത്തിന്റെ ഭാഗമായി ഏതുനിലക്കും സഞ്ചരിക്കുമ്പോള്‍ ഉയര്‍ന്നുവന്നേക്കാവുന്ന പുതിയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു.
കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ കമാല്‍ വരദൂര്‍, ജി വിജയകുമാര്‍, വി ജി വിജയന്‍, സി വിനോദ് ചന്ദ്രന്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി ജ്യോതികുമാര്‍, പി വി ജീജോ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന ദേശീയ പണിമുടക്കിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന പ്രസിഡന്റ് കെ പ്രേംനാഥ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.