Connect with us

Techno

മൊബൈല്‍ ഇന്റര്‍നെറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു; സൈബര്‍ലോകത്ത് സമരാഹ്വാനം

Published

|

Last Updated

കാളികാവ്: മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത് ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമായി. ഇന്റര്‍നെറ്റ് നിരക്കുകള്‍ മാത്രമല്ല, കോള്‍ ചാര്‍ജുകളുടെ നിരക്കുകള്‍ ഉയര്‍ത്തുന്നതിലും മൊബൈല്‍ കമ്പനികള്‍ തന്ത്രപരമായ മത്സരങ്ങളാണ് നടത്തുന്നത്. ഇന്റര്‍നെറ്റ് നിരക്കില്‍ വന്നിട്ടുള്ള ഉയര്‍ന്ന ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ സമരം ചെയ്യണമെന്നാണ് ആഹ്വാനം. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയാണ് സമരാഹ്വാനം നടക്കുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകളില്‍ 80 ശതമാനത്തിന്റെ വര്‍ധനവാണ് വന്നിരിക്കുന്നത്. എസ് എം എസ്, എം എം എസ് ഉപയോഗം വന്‍തോതില്‍ കുറഞ്ഞതാണ് ഇന്റര്‍നെറ്റ് നിരക്ക് വന്‍തോതില്‍ കൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, നിംബസ്, സ്‌കൈപ്പ്, ട്വിറ്റര്‍ തുടങ്ങിയ ഒട്ടേറെ സോഷ്യല്‍ മീഡിയകളില്‍ സൗജന്യ നിരക്കില്‍ എസ് എം എസുകളും ഫോണ്‍കോളുകളും ഉള്‍പ്പടെ ചെയ്യാമെന്നതിനാലാണ് എസ് എം എസുകളുടെയും എം എം എസുകളുടെയും ഉപയോഗം കുറഞ്ഞു വരാന്‍ കാരണം.
പത്ത് രൂപക്ക് മൂന്ന് ദിവസത്തേക്ക് ലഭ്യമായിരുന്ന 60 എം ബി (മെഗാബൈറ്റ്) നിരക്ക് കുറച്ച് ഒരു ദിവസത്തേക്ക് 30 എം ബിയാക്കി ചുരുക്കിയിരിക്കുകയാണ്. 98 രൂപക്ക് ടു ജി ഇന്റര്‍നെറ്റ് ടു ജി ബിയും ഒരു മാസം കാലവധിയും കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് ആദ്യം നിരക്ക് വര്‍ധിപ്പിച്ച് 155 രൂപയാക്കുകയും വണ്‍ ജി ബി ആക്കി ചുരുക്കുകയും ചെയ്തു. പിന്നീട് ഇത് വീണ്ടും വെട്ടിച്ചുരുക്കി 500 എം ബിയാക്കുകയും കാലാവധി ആദ്യം 28 ദിവസവും പിന്നീടത് വെറും 14 ദിവസമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ ത്രി ജി സേവനം എന്ന പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കാനാണ് മൊബൈല്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ബാലന്‍സ് അറിയിക്കാതെ കാശ് മുഴുവന്‍ ഊറ്റിയെടുക്കുന്ന പുതിയ തട്ടിപ്പാണ് ത്രി ജി യിലൂടെ ചില കമ്പനികള്‍ ചെയ്യുന്നത്.
ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ അഞ്ച് വരെ മൊബൈല്‍ ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കുന്നു എന്ന് പറഞ്ഞാണ് സൈബര്‍ലോകത്ത് സമരാഹ്വാനം നടക്കുന്നത്. ഇലക്ട്രോണിക്ക് സാധനങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വില കുത്തനെ ഇടിഞ്ഞതോടെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈലുകള്‍ വ്യാപകമായിരിക്കുകയാണ്. ഉപഭോക്താക്കളുടെ എണ്ണം കൂടുകയും ഇന്റര്‍നെറ്റ് ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയും ചെയ്തപ്പോഴാണ് കമ്പനികള്‍ വിലകുത്തനെ ഉയര്‍ത്തിയത്. ചില കമ്പനികള്‍ക്കെതിരെ കമ്മീഷന്‍ കുറവായതിന്റെ പേരില്‍ കച്ചവടക്കാര്‍ ബഹിഷ്‌കരണാഹ്വാനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ ഈ സമരം തള്ളിക്കളഞ്ഞ മട്ടാണ്. ഉപഭോക്താക്കള്‍ തന്നെ സ്വയം മുന്നോട്ട് വന്ന് നടത്തുന്ന ഈ സമരത്തെ അവഗണിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് കഴിയില്ല.