Connect with us

National

സിഗരറ്റ് പാക്കറ്റുകളുടെ 85 ശതമാനവും മുന്നറിയിപ്പിന് വിനിയോഗിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: വിപണിയിലെത്തുന്ന സിഗരറ്റ് പാക്കുകളുടെ 85 ശതമാനവും പുകവലിയുടെ ദോശവശങ്ങളെ കുറിച്ച് മുന്നറിയിപ്പിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടുത്ത ഏപ്രില്‍ മുതലാണ് പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന ദോശവശങ്ങളുടെ ചിത്രങ്ങളടക്കമുള്ള പുതിയ സിഗരറ്റ് പാക്കുകള്‍ ഇറങ്ങുക. ഇതിനുള്ള വിജ്ഞാപാനം കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി.
ഒരു സിഗരറ്റ് പാക്കിന്റെ 85 ശതമാനത്തില്‍ 60 ശതമാനവും ചിത്രങ്ങളിലൂടെയുള്ള മുന്നറിയിപ്പ് നല്‍കണം. ബാക്കി 25 ശതമാനം എഴുതിയുള്ള മുന്നറിയിപ്പിന് വിനിയോഗിക്കണം. നിലവില്‍ ഒരു പാക്കിന് മുകളില്‍ കേവലം 40 ശതമാനം മാത്രമാണ് മുന്നറിപ്പ് നല്‍കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിനോടകം തന്നെ മുഴുവന്‍ സിഗരറ്റ് കമ്പനികള്‍ക്കും മാറ്റത്തിനുള്ള അറിയിപ്പ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
സിഗരറ്റ് പാക്കുകളുടെ ഇത്രയും കൂടുതല്‍ സ്ഥലം ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കുന്നത് നിലവില്‍ തായ്‌ലാന്‍ഡ് മാത്രമാണ്. ഈ നിയമം നടപ്പാകുന്നതോടെ പുകയില ഉത്പന്നങ്ങളുടെ കവറിന് മുകളില്‍ വലിയ ഭാഗം മുന്നറിയിപ്പിന് നീക്കിവെക്കുന്ന 198 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. നേരത്തെ ഇന്ത്യ 136ാം സ്ഥാനത്തായിരുന്നു. ആസ്‌ത്രേലയില്‍ 82.5 ശതമാനവും ഉറുഗ്വയില്‍ 80 ശതമാനവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മാസം മുതലാണ് കമ്പനികള്‍ പാക്കുകളില്‍ 85 ശതമാനം മുന്നറിയിപ്പ് നല്‍കുക.

Latest