Connect with us

National

അരുണാചലില്‍ ഇന്ത്യ റോഡ് നിര്‍മിക്കുന്നതിനെതിരെ ചൈന

Published

|

Last Updated

ന്യൂഡല്‍ഹി/ ബീജിംഗ്: അരുണാചല്‍ പ്രദേശിലെ മക്‌മോഹന്‍ ലൈനില്‍ റോഡ് ശൃംഖല നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കുന്നതിന് അന്തിമ രൂപരേഖയില്‍ എത്തുന്നതിന് മുമ്പ് സ്ഥിതി സങ്കീര്‍ണമാക്കുന്ന രീതിയില്‍ ഇന്ത്യ പെരുമാറില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നതായും ചൈന വ്യക്തമാക്കി
വ്യക്തത വരുത്തണമെന്നാണ് തങ്ങളുടെ താതപര്യം. ചൈനയുടെയും ഇന്ത്യയുടെയും ഇടയില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായത് കൊളോണിയല്‍ അധിനിവേശത്തിന്റെ ഫലമായാണ്. ഈ വിഷയം സാധാരണ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് തങ്ങളുടെ താത്പര്യമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹോംഗ് ലീ അറിയിച്ചു. അരുണാചലിലെ അതിര്‍ത്തിയില്‍ റോഡ് ശൃംഖല നിര്‍മിക്കുന്നതിന് രൂപരേഖ തയ്യാറായെന്ന ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരുണാചലില്‍ തവാംഗിലെ മാഗോ- തിംഗ്ബുവില്‍ നിന്ന് ചാംഗ്‌ലാംഗ് ജില്ലയിലെ വിജയനഗറിലേക്കാണ് റോഡ് നിര്‍മിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് തിബത്തില്‍ ചൈന റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കുന്നതില്‍ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഹിമാലയന്‍ മേഖലയിലേക്ക് സൈനിക നീക്കത്തിനും വന്‍തോതില്‍ യുദ്ധോപകരണങ്ങള്‍ കൊണ്ടുവരാനും ഇതിലൂടെ സാധിക്കും. ഹൈവേകള്‍ വിശാലമാക്കുന്നതിനൊപ്പം, റെയില്‍ ശൃംഖല സിക്കിം അതിര്‍ത്തി വരെ നീണ്ടിട്ടുണ്ട്. അരുണാചലിനോട് ചേര്‍ന്നുള്ള ന്യയിംഗ്ചയില്‍ പുതിയ റെയില്‍ ശൃംഖല നിര്‍മിക്കാനുള്ള പദ്ധതിയിലാണ് ചൈന. തിബത്തന്‍ മേഖലയില്‍ അഞ്ച് വിമാനത്താവളങ്ങളാണ് ചൈന നിര്‍മിച്ചത്. തിബത്തിന്റെ ഉള്‍നാടുകള്‍ വികസനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഇത്തരം അടിസ്ഥാന സൗകര്യ വികനസങ്ങളെന്നാണ് ചൈന ന്യായീകരിക്കുന്നത്. അരുണാചല്‍ പ്രദേശ് ദക്ഷിണ തിബത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.

Latest