Connect with us

National

മോഹന്‍ ഭഗവതിന് യു പി ഗവര്‍ണറുടെ അത്താഴ വിരുന്ന്

Published

|

Last Updated

ലക്‌നോ: അര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക് അത്താഴ വിരുന്ന് നല്‍കി. ഇരുവരും രാജ്ഭവനിലെ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തി. അവര്‍ സംസാരിച്ചതെന്തെന്ന് വ്യക്തമല്ല.
ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. അതേസമയം ഗവര്‍ണര്‍ വ്യക്തിപരമായാണ് ഭഗവതിനെ ക്ഷണിച്ചതെന്നും അതില്‍ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രക്കാരായതിനാല്‍ ഇരു നേതാക്കളും തമ്മില്‍ വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും ആര്‍ എസ് എസ് നേതാവിനെ ഗവര്‍ണര്‍ വ്യക്തിപരമായി ക്ഷണിക്കുകയായിരുന്നെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആര്‍ എസ് എസിന്റെ കേന്ദ്രീയ കാര്യകാരി മണ്ഡല്‍ സമ്മേളനം ഈ മാസം 17 മുതല്‍ 19 വരെ ഉത്തര്‍ പ്രദേശില്‍ നടക്കുന്നുണ്ട്. സുരേഷ് സോണി, കൃഷ്ണ ഗോപാല്‍, സുരേഷ് ജോഷി, ബയ്യാജി, മന്‍മോഹന്‍ വൈദ്യ തുടങ്ങിയ ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇതില്‍ സംബന്ധിക്കാനായി ഉത്തര്‍പ്രദേശിലെ നിരാലാ നഗറിലെ സരസ്വതി കഞ്ചില്‍ തങ്ങുന്നുണ്ട്. ആര്‍ എസ് എസിന്റെ വരുന്ന ഒരു വര്‍ഷത്തെക്കുള്ള കര്‍മ പദ്ധതികള്‍ ഈ പരിപാടിയിലാണ് ആസൂത്രണം ചെയ്യുന്നത്. അന്താരാഷ്ട്രമടക്കമുള്ള വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക. ഇസില്‍ ഭീഷണി, ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തി പ്രശ്‌നം, രാജ്യത്തെ തീവ്രവാദി ആക്രമണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

Latest