Connect with us

Palakkad

സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: 4 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

പാലക്കാട്: സി പി എം പ്രവര്‍ത്തകനായ പുതുപ്പരിയാരം നൊച്ചിപ്പുള്ളിയിലെ സഹദേവനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്.
പുതുപ്പരിയാരം നൊച്ചിപ്പുള്ളി ആനപ്പാറ സുരേഷ് (36), ആനപ്പാറ പ്രമോദ് (32), ആനപ്പാറ പുത്തന്‍തൊടി കൃഷ്ണന്‍കുട്ടി (36), ആനപ്പാറ ഹരിദാസ് (36) എന്നിവരെയാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി ജി അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കാണ് ശിക്ഷവിധിച്ചത്. 75,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യയില്‍ രണ്ട് ലക്ഷം രൂപ സഹദേവന്റെ ഭാര്യ നിര്‍മലക്കും 50,000 രൂപവീതം അക്രമത്തില്‍ പരിക്കേറ്റ സഹോദരന്‍ നാരായണന്റെ കുടുംബത്തിനും നല്‍കണം.
കേസില്‍ ഒന്നുമുതല്‍ 12 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ അഞ്ചുമുതല്‍ 12 വരെയുള്ള വരെ വെറുതെവിട്ടു. പത്താം പ്രതി പ്രകാശനെ രണ്ടുവര്‍ഷം മുമ്പ് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 308, 306, 324, 148, 147, 143 വുപ്പുകള്‍ പ്രകാരമാണ് ശിക്ഷവിധിച്ചത്. 2005 ജനുവരി 18 ന് രാവിലെയാണ് പുതുപ്പരിയാരം നൊച്ചിപ്പുള്ളിയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്ന സഹദേവനെ 12 പേരടങ്ങുന്ന ആര്‍ എസ്എസ് ക്രിമിനല്‍ സംഘം വീടിനുസമീപംവച്ച് ആക്രമിച്ചത്.
തടയാന്‍ ചെന്ന സഹോദരന്‍ നാരായണനും ഗുരുതര പരുക്കേറ്റു. തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ ജനുവരി 20ന് സഹദേവന്‍ മരിച്ചു. നാല്മാസത്തോളം നാരായണന്‍ മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍കഴിഞ്ഞു. പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ ആക്രമിച്ചത്. അറിയപ്പെടുന്ന ക്രിമിനലുകളാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. ഭാര്യ നിര്‍മലയുടെ കണ്‍മുന്നില്‍വച്ചാണ് സഹദേവനെ ആര്‍എസ്എസ് സംഘം വെട്ടിവീഴ്ത്തിയത്.
ക്വട്ടേഷന്‍ പ്രവര്‍ത്തനവും ഗുണ്ടാപ്പണിയുമായി കഴിയുന്ന ക്രിമിനല്‍ സംഘമാണ് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. വിചാരണക്കിടയില്‍ നിരവധി സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ സാക്ഷിയായിരുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയും സിപിഐ എം പുതുപ്പരിയാരം ലോക്കല്‍കമ്മിറ്റിയംഗവുമായ ഷിമില്‍കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
സ്ഥലത്തെ പ്രധാന ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇവര്‍ക്ക് ശിക്ഷിവിധിച്ചതറിഞ്ഞ് നൂറ്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിനോദ് കയനാട്, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയന്‍ പി തോമസ് എന്നിവര്‍ ഹാജരായി.

Latest